ന്യൂദല്‍ഹി - രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് സൂചന നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷ കക്ഷിള്ക്കിടയില് കടുത്ത ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഏക സിവില്‍ കോഡിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ഭരണഘടന ഏക സിവില്‍ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് ആംആദ്മി പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. അതേ സമയം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒളിച്ചു കളിക്കുകയാണ്. വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച് അഭിപ്രായം പറയുമെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ പറഞ്ഞത്. രാജസ്ഥാന്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ ഇപ്പോള്‍ ഏക സിവില്‍ കോഡില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എതിര്‍ത്താല്‍ മുസ്ലീം പ്രീണനമെന്ന ആക്ഷേപം ബിജെപി ശക്തമാക്കുമെന്നും അവര്‍ കണക്കു കൂട്ടുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഏക സിവില്‍ കോഡിനെ രാഷട്രീയമായും നിയമപരമായും എതിര്‍ക്കുമെന്നും മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടുണ്ട്. സി പി എം, സി പി ഐ, ഡി എം കെ, സമാജ് വാദി പാര്‍ട്ടി, തുടങ്ങിയ കക്ഷികള്‍ ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ശക്തമായി വാദിക്കുന്നുണ്ട്. പ്രതിപക്ഷത്തെ മറ്റ് പല പാര്‍ട്ടികളും നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ കൂടിയാണ് പ്രധാനമന്ത്രി ഏക സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്.