Sorry, you need to enable JavaScript to visit this website.

സമൂഹമാധ്യമത്തെ കണ്ണടച്ച് വിശ്വസിച്ചു പോയി, കാലിൽതൊട്ട് മാപ്പ് ചോദിച്ച് അജു വർ​ഗീസ്

കൊച്ചി- സിനിമാ,സീരിയൽ നടൻ ടി എസ് രാജുവിന് ആദരാഞ്ജലിയർപ്പിച്ച് പോസ്റ്റിട്ടതിൽ മാപ്പുപറഞ്ഞ് നടൻ അജു വർഗീസ്. ഇത്തരമൊരു പോസ്റ്റിട്ടതിന് കാലിൽതൊട്ട് മാപ്പുചോദിക്കുന്നതായും ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച വാർത്ത കണ്ടതുകൊണ്ടാണ് പോസ്റ്റിട്ടതെന്നും  ടി എസ് രാജുവിനെ ഫോണിൽ വിളിച്ച് അജു വർഗീസ് പറഞ്ഞു. ടി എസ് രാജുവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ആത്മാർത്ഥമായി മാപ്പുപറയുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ കണ്ട വാർത്ത അതേപടി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും അജു ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.

'എനിക്ക് താങ്കളെ വ്യക്തിപരമായി ഇഷ്ടമാണ്. സാറിനെക്കുറിച്ച് വിശദമായ ഒരു അനുശോചനക്കുറിപ്പ് ഫേസ്ബുക്കിൽ കണ്ടതുകൊണ്ടാണ് വാർത്ത വിശ്വസിച്ചുപോയത്. വേദന തോന്നിയപ്പോൾ എഴുതിയിട്ടതാണ്. സാറിന് ഒന്നും സംഭവിച്ചിട്ടില്ലെന്നതിൽ സന്തോഷമുണ്ട്. എങ്കിലും മാപ്പ്. സാറിന്റെ ജോക്കർ സിനിമയിലെ ദ ഷോ മസ്റ്റ് ഗോ ഓൺ എന്ന ഡയലോഗ് ജീവിതത്തിൽ പിന്തുടരുന്നയാളാണ് ഞാൻ. അങ്ങയുടെ കാലിൽതൊട്ട് ക്ഷമ ചോദിക്കുകയാണ്. സോഷ്യൽ മീഡിയയെ നമ്മൾ ഒരുപാട് വിശ്വസിക്കുന്നു. അവ നമ്മെ നല്ലതുപോലെ സ്വാധീനിക്കുന്നുമുണ്ട്. രാവിലെ എഴുന്നേറ്റ് ഇത്തരമൊരു വാർത്ത കാണുമ്പോൾ വിശ്വസിച്ചുപോകും. അങ്ങനെ സംഭവിച്ചതാണിത്. വലിയൊരു തെറ്റാണിത്'- അജു വർഗീസ് പറഞ്ഞു.

Latest News