ന്യൂദൽഹി- എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഖുർആൻ മാത്രമാണ് വായിക്കുന്നതെന്നും ഭരണഘടന വായിക്കുന്നില്ലെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. ഏകീകൃത സവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉവൈസി നടത്തിയ വിമർശത്തോടാണ് ബിജെപി ദേശീയ വക്താവിന്റെ പ്രതികരണം. ഉവൈസിയുടെ ബിരുദം വ്യാജമല്ലെങ്കിൽ ആദ്യം അദ്ദേഹം നിയമ കമ്മീഷൻ മുമ്പാകെ ഏകസിവിൽ കോഡ് സംബന്ധിച്ച അഭിപ്രായം അറിയിക്കുകയാണ് വേണ്ടത്. ജൂലൈ 14 വരെ അഭിപ്രായങ്ങൾ അറിയിക്കാൻ സമയമുണ്ട്. ഏകസിവിൽ കോഡിനെ എതിർക്കുന്ന എല്ലാവരും അവരുടെ നിർദ്ദേശങ്ങൾ കമ്മീഷനെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.