Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീരില്‍ പിഡിപി തകരുന്നു; വിമത എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് 

ശ്രീനഗര്‍- ജമ്മു കശ്മരീലെ പിഡിപി-ബിജെപി സഖ്യസര്‍ക്കാരില്‍ നിന്ന് ബിജെപി പിന്മാറിയതോടെ പ്രതിസന്ധിയിലായ പിഡിപിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി വിമതരുടെ നീക്കം. പിഡിപി വിമതരും പീപ്പ്ള്‍സ് കോണ്‍ഫറന്‍സും ബിജെപിയും ചേര്‍ന്ന് പുതിയ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ 20 മുതല്‍ സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് ഗവര്‍ണറാണ്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ നിലയില്ലാ രാഷ്ട്രീയ കയത്തിലേക്കു വീണ പിഡിപിയുടെ എംഎല്‍എമാര്‍ ഒന്നിനു പിറകെ ഒന്നായി പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. 

പാര്‍ട്ടി വിടാന്‍ തയാറായി 14 എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് വിമത പിഡിപി നേതാവും എംഎല്‍എയുമായ ആബിദ് അന്‍സാരി പറയുന്നു. സദിബലിലെ ശിയാ നേതാക്കളായ ഇമ്രാന്‍ റസയും അമ്മാവനായ ആബിദ് അന്‍സാരിയും കഴിഞ്ഞയാഴ്ചയാണ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. മെഹ്ബൂബ പാര്‍ട്ടിയെ പൂര്‍ണമായും കൂടുംബത്തിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ബാരാമുല്ല എംഎല്‍എ ജാവിദ് ഹുസൈന്‍, അമ്മാവന്‍ മുസഫര്‍ ഹുസൈന്‍ ബേഗ്, ഗുല്‍മര്‍ഗ് എംഎല്‍എ മുഹമ്മദ് അബ്ബാസ് എന്നീ നേതാക്കളും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്.

അധികാരം നഷ്ടമായതിനു തൊട്ടുപിന്നാലെ പാര്‍ട്ടിയിലുണ്ടായ കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് എംഎല്‍എമാരെ മെഹ്ബുബ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടു കണ്ടിരുന്നു. എന്നാല്‍ വിമത എംഎല്‍എമാര്‍ ഈ കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നില്ല. മുതിര്‍ന്ന നേതാക്കളായ എആര്‍ വീരി, ജി എന്‍ ലോണ്‍, മുഹമ്മദ് ഖലില്‍ ബന്ധ്, സഹൂര്‍ മിര്‍, എം വൈ ഭട്ട്, നൂര്‍ മുഹമ്മദ് ഭട്ട്, യവര്‍ ദിലാവര്‍ മിര്‍, ഐജാസ് അഹമദ് മിര്‍ എന്നിവര്‍ക്ക് എല്ലാ പിന്തുണയും മെഹ്ബൂബ ഉറപ്പു നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് പുതിയ നേതൃത്വത്തെ ഏല്‍പ്പിക്കണമെന്ന് നിരവധി പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു കുടുംബങ്ങള്‍ മാറി മാറി ഭരിക്കുന്ന ഏര്‍പ്പാട് മടുത്തിട്ടുണ്ട്. പുതിയ നേതൃത്വത്തിന് അവസരം നല്‍കുക മാത്രമാണ് പോംവഴിയെന്ന് പിഡിപി നേതാവും വടക്കന്‍ കശ്മീരില്‍ ബന്ദിപോറയില്‍ നിന്നുള്ള എംഎല്‍സിയുമായ യാസില്‍ റെശി പറഞ്ഞു.

അതിനിടെ, വിമത പിഡിപി എംഎല്‍എമാരുമായും തങ്ങളുടെ സഖ്യകക്ഷിയായ പീപ്പ്ള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണുമായും ബിജെപി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇവരെ കൂട്ടി തങ്ങളുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ അണിയറ നീക്കങ്ങളെന്ന് റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പദവിയെ ചൊല്ലി ഈ ചര്‍ച്ചകളും വഴിമുട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രി പദവി ലഭിക്കാന്‍ മികച്ച അവസരമായാണ് ഇതിനെ ബിജെപി കാണുന്നതെന്നും മറ്റു പദവികള്‍ വീതം വയ്ക്കാനുമാണ് ശ്രമമെന്ന് ചര്‍്ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മുഖ്യമന്ത്രി പദവി കിട്ടിയെ തീരുവെന്നാണ് ബിജെപി നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് ദല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ബിജെപി നേതാക്കളെ കണ്ടു ചര്‍ച്ച നടത്തിയ വിമത പിഡിപി എംഎല്‍എമാരുടെ നിലപാട്. ഭാവിയില്‍ ബിജെപിക്ക് ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ അതിനു സമയമായിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃ്ത്തങ്ങള്‍ പറയുന്നത്. ജമ്മു കശ്മീരില്‍ പുതിയ രാഷ്ട്രീയ സംഖ്യം രൂപപ്പെടുമെന്ന് കഴിഞ്ഞ ദിവസം വിമത പിഡിപി നേതാവ് ഇമ്രാന്‍ അന്‍സാരി പറഞ്ഞിരുന്നു. 
 

Latest News