Sorry, you need to enable JavaScript to visit this website.

യു.എസ്-ഇന്ത്യ പ്രസ്താവനയിൽ പ്രതിഷേധം; നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി പാകിസ്ഥാൻ

ഇസ്ലാമാബാദ്- അമേരിക്കയുടെ ഇന്ത്യ അനുകൂല പ്രസ്താവനയിൽ ആശങ്ക അറിയിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി. പാകിസ്ഥാനെ തീവ്രവാദ ആക്രമണങ്ങളുടെ താവളമാക്കുന്നില്ലെന്ന്  ഉറപ്പുവരുത്തണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവനയെ കുറിച്ചാണ് പാകിസ്ഥാന് പ്രതിഷേധം.  മോഡിയുടെ യു.എസ് സന്ദർശന വേളയിൽ വെള്ളിയാഴ്‌ച വൈറ്റ്‌ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇത് നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന വിമർശനമാണ് പാകിസ്ഥാൻ ഉന്നയിക്കുന്നത്.
പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമായ ആരോപണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.  
പാകിസ്ഥാനും യുഎസും തമ്മിലുള്ള തീവ്രവാദ വിരുദ്ധ സഹകരണത്തിന്  ബന്ധം കൂടുതൽ ദൃഢമാക്കുന്ന അന്തരീക്ഷം അനിവാര്യമാണെന്ന് പ്രസ്താവനയിൽ എടുത്തുപറയുന്നു.
അതിനിടെ, തീവ്രവാദ ഗ്രൂപ്പുകളെ നേരിടാൻ പാകിസ്ഥാൻ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാറ്റ് മില്ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അമേരിക്ക വാദിക്കുന്നു.

Latest News