കൊച്ചി- കേരളത്തെ മോശമായി ചിത്രീകരിക്കുന്ന വിദ്വേഷ സിനിമയായ ദി കേരള സ്റ്റോറി ഏറ്റെടുക്കാതെ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ. റിലീസ് ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരള സ്റ്റോറി സ്ട്രീമിങിന് ഇതുവരെ ഒരു ഒടിടി പ്ലാറ്റ്ഫോമും രംഗത്ത് വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
തങ്ങൾക്കെതിരെ ഇൻഡസ്ട്രി സംഘം ചേർന്നിരിക്കുകയാണെന്ന് ആരോപിക്കുകയാണ് സംവിധായകൻ സുദീപ്‌തോ. ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ചിത്രത്തിന് ലഭിച്ചിട്ടില്ല. പ്രധാന ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ഓഫറിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു. സിനിമ ലോകം ഒത്തുചേർന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്‌തോ സെൻ പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങൾക്ക് താൽപ്പര്യമില്ലെന്നാണ് ഒടിടി പ്ലാറ്റഫോമുകൾ പറയുന്നതെന്നും സുദീപ്‌തോ സെൻ അറിയിച്ചു.
ദി കേരള സ്റ്റോറിയുടെ ബോക്‌സ് ഓഫീസ് വിജയം സിനിമാ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകൻ പറഞ്ഞു.
ലൗ ജിഹാദ്, മതപരിവർത്തനം, ഐഎസ് തുടങ്ങിയ വിഷയങ്ങൾ കേരളത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രം റിലീസിന് മുൻപ് തന്നെ വിവാദമായിരുന്നു. തുടക്കത്തിൽ പശ്ചിമബംഗാളിൽ ചിത്രം നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെ പലയിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്തു.