കൊച്ചി- ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്തയുടെ തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും തമിഴ് ടീസര്‍ ചിമ്പുവും റിലീസ് ചെയ്യും. ദുല്‍ഖറിനോടൊപ്പം തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഒരുമിക്കുന്ന ഹൈ ബജറ്റഡ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും അതിലെ ജേക്‌സ് ബിജോയ് ഒരുക്കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങിനും നിലക്കാത്ത അഭിനന്ദന പ്രവാഹമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ് ഫോമുകളില്‍ നിന്ന് എട്ട് മില്യണ്‍ ആളുകള്‍ക്കപ്പുറമാണ് മോഷന്‍ പോസ്റ്ററിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണം. ജൂണ്‍ 28ന് വൈകിട്ട് ആറു മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.
മലയാളത്തിലെ യുവനടന്മാരില്‍ ആരെയാണ് ഇഷ്ടം എന്ന് ഒരു ഇന്റര്‍വ്യൂവില്‍ മഹേഷ് ബാബുവിനോട് ചോദിച്ചിരുന്നു. അദ്ദേഹം നല്‍കിയ ഉത്തരം ദുല്‍ഖര്‍ സല്‍മാന്റെ പേരായിരുന്നു. താന്‍ ഇഷ്ടപ്പെടുന്ന ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന്റെ ടീസര്‍ തെലുങ്ക് പ്രേക്ഷകരിലേക്ക് അദ്ദേഹം അവതരിപ്പിക്കും.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനും ജേക്‌സ് ബിജോയും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.