വാഷിംഗ്ടൺ-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ച യുഎസിൽ നിന്നുള്ള മാധ്യമപ്രവർത്തക സബ്രീന സിദ്ദിഖിക്ക് വ്യാപക അധിക്ഷേപം. സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് ട്രോളുകളിലൂടെയും മറ്റും തെറിയഭിഷേകം നടത്തുന്നത്. പ്രത്യേകിച്ച് ട്വിറ്ററിലാണ് അധിക്ഷേപം. വാഷിംഗ്ടൺ പോസ്റ്റിന്റെ (washington post) വൈറ്റ് ഹൗസ് റിപ്പോർട്ടറാണ് സബ്രീന സിദ്ദിഖി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് ഇന്ത്യ പണ്ടേ അഭിമാനിക്കുന്നു, എന്നാൽ നിങ്ങളുടെ സർക്കാർ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് പറയുന്ന നിരവധി മനുഷ്യാവകാശ ഗ്രൂപ്പുകളുണ്ട്. ജനാധിപത്യം സംരക്ഷിക്കാൻ നിരവധി ലോക നേതാക്കൾ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ച വൈറ്റ് ഹൗസിന്റെ കിഴക്കേ മുറിയിൽ നിങ്ങൾ ഇവിടെ നിൽക്കുമ്പോൾ, നിങ്ങളുടെ രാജ്യത്തെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉയർത്തിപ്പിടുന്നതിനും എന്ത് നടപടികളാണ് നിങ്ങളും നിങ്ങളുടെ സർക്കാരും സ്വീകരിക്കാൻ തയ്യാറാവുന്നത്- ഇതായിരുന്നു പ്രധാനമന്ത്രിയോട് നേരിട്ട് ചോദ്യം ഉന്നയിക്കാൻ ലഭിച്ച അപൂർവ നിമിഷങ്ങളിലൊന്നിൽ സബ്രീന സിദ്ദിഖി ചോദിച്ചത്.
ജനാധിപത്യമാണ് നമ്മുടെ ആത്മാവ്. ജനാധിപത്യം നമ്മുടെ സിരകളിൽ ഓടുന്നു. നമ്മൾ ജീവിക്കുന്നത് ജനാധിപത്യത്തിലാണ്... ഞങ്ങളുടെ ഗവൺമെന്റ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ജാതി, മതം, ലിംഗഭേദം എന്നിവ പരിഗണിക്കുന്നില്ലെന്നും വിവേചനത്തിന് തീർത്തും ഇടമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി മോഡിയുടെ മറുപടി.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് സബ്രീന സിദ്ദിഖിക്കെതിരായ പ്രതികരണത്തിനു തുടക്കം കുറിച്ചത്. ടൂൾകിറ്റ് സംഘത്തിന് മറ്റൊരു പ്രഹരമാണ് പ്രധാനമന്ത്രി മോഡി നൽകിയതെന്ന് മാളവ്യ ട്വീറ്റ് ചെയ്തതിനു പിന്നാലെ സംഘ്പരിവാർ, ബി.ജെ.പി അനുകൂല ട്വിറ്ററർ അക്കൗണ്ടുകളിൽ സിദ്ദീഖിക്കെതിരെ വ്യാപക ആക്രമണമാണ് തുടരുന്നത്. സിദ്ദീഖിയെ പാകിസ്ഥാൻ ഇസ്ലാമിസ്റ്റ് എന്ന് വിളിച്ച അവർ സിദ്ദീഖിയുടെ ചോദ്യത്തിന് പിന്നിൽ ഗുഢാലോചനയുണ്ടെന്നും ആരോപിച്ചു. ലക്ഷ്യമിട്ടത് ഇന്ത്യയെ ആണെന്നും വിദ്വേഷം പാക്കിസ്ഥാനികളുടെ ഡിഎൻഎയിലുള്ളതാണെന്നും ആരോപണങ്ങളിൽ ഉൾപ്പെടുന്നു. പാകിസ്ഥാൻ മാതാപിതാക്കളുടെ മകളാണെന്നും ഇസ്ലാമിസ്റ്റുകളുടെ അവകാശവാദങ്ങളാണ് ചോദ്യത്തിൽ പ്രതിധ്വനിച്ചതെന്നുമാണ് സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും വിലയിരുത്തിയത്.