ഹൈദരാബാദ്- പശുക്കളുടെ സംരക്ഷണത്തിനായി ഹിന്ദുക്കൾ മുന്നോട്ട് വരണമെന്നും കൂട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).
രാഷ്ട്രീയ, ജാതി, പ്രദേശം, മതം എന്നിവ നോക്കാതെ മൃഗസ്നേഹികൾ പ്രതികരിക്കുകയും പശു സംരക്ഷണ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് തെലങ്കാന വിശ്വഹിന്ദു പരിഷത്ത് പ്രചാരകൻ പഗുഡകുല ബാലസ്വാമി പറഞ്ഞു.
പശു സംരക്ഷണത്തിന്റെ ഉത്തരവാദിത്തം വിശ്വഹിന്ദു പരിഷത്തിനും ബജ്റംഗ്ദളിനും മാത്രമല്ല. ഓരോ ഹിന്ദുവും അത് ചെയ്യണം. മൃഗസ്നേഹികളുടെ പേരിൽ നിരവധി സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. മൃഗങ്ങൾ ചത്തൊടുങ്ങുമ്പോഴും നായ്ക്കളെയും പൂച്ചകളെയും എലികളെയും റോഡിൽ പീഡിപ്പിക്കുമ്പോഴും അവർ പ്രതികരിക്കുന്നു. എന്നാൽ നിയമം ലംഘിച്ച് പശുക്കളെ കൊല്ലുമ്പോൾ അവർ പ്രതികരിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
പശുവിന്റെ പാൽ, തൈര്, വെണ്ണ, നെയ്യ്, മൂത്രം, ചാണകം എന്നിവയ്ക്കും ഔഷധഗുണമുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോമൂത്രത്തിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോവധ നിരോധന നിയമം കർശനമായി നടപ്പാക്കണമെന്നും ഗോഹത്യക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.