ഹൈദരാബാദ്- കോടതി വിധിച്ച പിഴ തുക അടക്കാത്തതിന്റെ പേരിൽ ഒമാനിൽ തടവിലായ ഹൈദരാബാദ് സ്വദേശിനി തൻവീറുന്നിസ ഒടുവിൽ നാട്ടിൽ തിരിച്ചെത്തി. എംബിടി നേതാവ് അംജുദല്ലാ ഒമാനിലെ ഇന്ത്യൻ എംബസി വഴി നടത്തിയ ശ്രമവും ഡെക്കാനി വിംഗ് പോലുള്ള സംഘടനകളുടെ പിന്തുണയും മൂലമാണ് യുവതിയുടെ മടക്കം സാധ്യമായത്.
2021ലാണ് ബഹദൂർപുരയിലെ തദ്‌ബൺ നിവാസിയായ തൻവീറുന്നിസ ഏജന്റ് വഴി ഒമാനിലെത്തിയത്. ഭാവി സുരക്ഷിതമാക്കാമെന്ന എജന്റിനെ വാക്ക് വിശ്വസിച്ച് ഒക്ടോബർ 7 ന് മസ്‌കത്തിൽ എത്തി. ഏഴ് മാസത്തോളം തൊഴിലുടമയുടെ വീട്ടിൽ ജോലി ചെയ്തെങ്കിലും വീട്ടുജോലികളുടെ ഭാരത്താൽ തൻവീറിന്റെ ആരോഗ്യം മോശമാകാൻ തുടങ്ങി.
നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ തൊഴിലുടമ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. ജോലിക്കായി ഒമാനിലേക്ക് കൊണ്ടുവരാൻ ചെലവഴിച്ച തുകയാണ് സ്പോൺസർ ആവശ്യപ്പെട്ടത്.
സഹായം തേടി ഒമാനിലെ ഇന്ത്യൻ എംബസിയെ സമീപിച്ച് അവിടെ ഷെൽട്ടർ ഹോമിൽ ഏതാനും മാസങ്ങൾ താമസിച്ചു. പിന്നീട്, തൊഴിലുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി 1577 ഒമാനി റിയാൽ പിഴ ചുമത്തി. തൻവീറിന് തുക അടക്കാൻ കഴിയാതെ വന്നതോടെ ജയിലിലായി.
മസ്‌കത്തിലെ ഇന്ത്യൻ എംബസി ഇടപെട്ട് പിഴ തുകയായ 1000 ഒമാനി റിയാൽ നൽകി.ബാക്കി തുക ഡെക്കാനി വിംഗ് സ്വരൂപിച്ചു.
പിഴത്തുക അടച്ചതിന് ശേഷമായി തൻവീർ ജയിൽ മോചിതയായി ഹൈദരാബാദിലേക്ക് മടങ്ങിയത്.