Sorry, you need to enable JavaScript to visit this website.

മുസ്ലിംകളെ അധിക്ഷേപിക്കണം, എഴുത്തുകാരന് തുടർച്ചയായി ഭീഷണിക്കത്തുകൾ

ബം​ഗളൂരു-  കർണാടകയിൽ കെ.എസ് ഭഗവാനെതിരായ വധഭീഷണി നിലനിൽക്കേ മറ്റൊരു പ്രമുഖ എഴുത്തുകാരൻ കൂടി വധഭീഷണിലിസ്റ്റിൽ. കുംവീ എന്ന പേരിൽ കന്നഡ സാഹിത്യത്തിൽ അറിയപ്പെടുന്ന കും വീരഭദ്രപ്പയ്ക്കാണ് തുടർച്ചയായി ഭീഷണിക്കത്തുകൾ ലഭിക്കുന്നത്.  
നിലപാടുകളുടെ പേരിലാണ് കുംവീ ഇപ്പോൾ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബൗദ്ധിക മേഖലയിലുള്ളവരുടെ നിലപാടുകളെ ബൗദ്ധികമായി പ്രതിരോധിക്കാതെ ബുള്ളറ്റുകൊണ്ട് നിശബ്ദമാക്കുന്ന പ്രവണതയാണോ കർണാടകയിൽ സംഭവിക്കുന്നത്?
കഴിഞ്ഞ പതിനഞ്ചുമാസം കൊണ്ട് പതിമൂന്ന് വധഭീഷണിക്കത്തുകളാണ് തനിക്ക് ലഭിച്ചതെന്ന് മാതൃഭൂമിക്ക് (mathrubhumi) നൽകിയ അഭിമുഖത്തിൽ കും വീരഭദ്രപ്പ പറഞ്ഞു. തനിക്കു മാത്രമല്ല, ഇടതുചിന്താഗതിക്കാരായിട്ടുള്ള കന്നഡ എഴുത്തുകാരിൽ പലർക്കും ഇത്തരത്തിൽ ഭീഷണിക്കത്തുകൾ വന്നിട്ടുണ്ട്. ഓരോ കത്തിലും പ്രധാനമായും എഴുതിയിട്ടുള്ളത് ആർഎസ്എസ്സിനെ വിമർശിക്കരുത്, സവർക്കറെ എതിർക്കരുത്, ന്യൂനപക്ഷക്കാരെ ന്യായീകരിക്കരുത് തുടങ്ങിയ കാര്യങ്ങളാണ്.  ഈ ഭീഷണികൾ വായിച്ച് കുലുങ്ങുന്നയാളല്ല താനെന്നും  ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും അഖണ്ഡതയ്ക്കും സംഭവിച്ച മാരകമായ പരിക്കാണ് ഈ ഭീഷണിക്കത്തുകളെന്നും കുംവീ പറഞ്ഞു.
ഓരോ കത്തിന്റെയും ഉടമസ്ഥൻ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് സഹിഷ്ണുഹിന്ദു എന്നാണ്. സവർക്കർ ധീരദേശാഭിമാനിയാണെന്ന് പൊതുമധ്യത്തോട് വിളിച്ചുപറയണം എന്നാണ് കത്തെഴുത്തുകാരൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം സമുദായത്തെ ഹീനമായ വാക്കുകളാൽ വിമർശിക്കാനും നിർദ്ദേശമുണ്ട്. ഇടതുചിന്തകരെ നായകളെന്നും കഴുതകളെന്നും കോൺഗ്രസിസന്റെ അടിമവേലക്കാരെന്നും വിളിക്കണമെന്നും കത്തെഴുത്തുകാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഞാൻ ബുർഖയെ ന്യായീകരിക്കുന്നില്ല, എതിർക്കുന്നു. പക്ഷേ അത് പ്രത്യേക മതങ്ങളുമായി പൂർണ്ണമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറുകണക്കിന് വസ്ത്രധാരണ സംസ്‌കാരങ്ങളുണ്ട്-കർണാടകയിൽ ഹിജാബ് നിരോധനമുണ്ടായപ്പോൾ സർക്കാറിനെതിരെ പ്രതിഷേധിച്ചതിൽ പ്രധാനിയായിരുന്ന കുംവീ പറഞ്ഞു.

Latest News