ഇംഫാല്‍ - സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരാനിരിക്കെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിംഗരേലില്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെ ആക്രമണ ശ്രമവുമുണ്ടായി. മണിപ്പൂര്‍ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രി എല്‍ സുസീന്ദ്രോയുടെ ചിംഗരേലിലുള്ള സ്വകാര്യ ഗോഡൗണാണ് ഒരു സംഘം ആളുകള്‍ ഇന്ന് തീയിട്ട് നശിപ്പിച്ചത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഖുറായിയിലുള്ള മന്ത്രിയുടെ വസതി ആക്രമിക്കാന്‍ ഒരു സംഘം ശ്രമിച്ചെങ്കിലും പോലീസിന്റെ ഇടപെടലിലൂടെ ഇത് തടഞ്ഞു. സംസ്ഥാന വനിതാ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതി ജൂണ്‍ 14 ന് രാത്രി അജ്ഞാതര്‍ തീയിട്ടിരുന്നു. തൊട്ടുത്ത അടുത്ത ദിവസം കേന്ദ്രമന്ത്രി ആര്.കെ.രഞ്ജന്‍ സിങ്ങിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ മണിപ്പൂരില്‍ ഇതുവരെ 100-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.