ഗുവാഹത്തി- ഇന്ത്യയിൽ ധാരാളം ഹുസൈൻ ഒബാമമാരുണ്ടെന്നും അവരെ കൈകാര്യം ചെയ്യുന്നതിനാണ് മുൻഗണനയെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഭൂരിപക്ഷ ഹിന്ദു ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തെ കുറിച്ച് കഴിഞ്ഞ ദിവസം മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒബാമയെ അറസ്റ്റ് ചെയ്യാൻ അസം പോലീസ് വാഷിംഗ്ടണിലേക്ക് പോകുകയാണോ എന്ന ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനാണ് ഇന്ത്യൻ ധാരാളം ഹുസൈൻ ഒബാമമാരുണ്ടന്ന് അസം മുഖ്യമന്ത്രി മറുപടി നൽകിയത്.
ഇന്ത്യയിൽ ധാരാളം ഹുസൈൻ ഒബാമമാരുണ്ടെന്നും വാഷിംഗ്ടണിലേക്കുള്ള യാത്രയെക്കാൾ അവരെ കൈകാര്യം ചെയ്യുന്നതിനാണ് സംസ്ഥാനം മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അസം പോലീസ് ഞങ്ങളുടെ മുൻഗണനകൾക്കനുസൃതമായാണ് പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഇന്ത്യയിൽ വിവേചനമില്ലെന്ന് വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് ബരാക് ഒബാമയുടെ പ്രസ്താവന. ഒബാമയുടെ പേരിലെ കുടുംബ പേരായ ഹുസൈൻ ഉപയോഗിച്ചാണ് ബി.ജെ.പി നേതാക്കൾ പ്രതിരോധിക്കുന്നത്.
ഇന്ത്യയിലെ വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ രാജ്യം ചിലഘടത്തിൽ വിഭജിക്കപ്പെടാൻ ന ശക്തമായ സാധ്യതയുണ്ടെന്നായിരുന്നു ഒബാമയുടെ പ്രസ്താവന. സിഎൻഎന്റെ ( CNN) ക്രിസ്റ്റ്യൻ അമൻപൂറിന് ( Christiane Amanpour) നൽകിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷ ഹിന്ദു ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണം എടുത്തുപറയേണ്ട ഒന്നാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ബി.ജെ.പി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയും ഒബാമയുടെ പരാമർശങ്ങളെ വിമർശിച്ചു. ഇന്ത്യ വിരുദ്ധ ജനക്കൂട്ടത്തെ സന്തോഷിപ്പിക്കാനാണ് മുൻ യുഎസ് പ്രസിഡന്റ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.