ചങ്ങനാശേരി- പലതരം പകര്‍ച്ചപനികളാണ് നാട്ടിലാകെ പടര്‍ന്നു പിടിക്കുന്നത്. കോവിഡ് കാലം മാറിവരുമ്പോള്‍ ഡെങ്കിപ്പനി, എലിപ്പനി അടക്കം വീര്യമേറിയ പനികള്‍ കാരണം ആളുകള്‍ ഈ മഴക്കാലത്ത് വല്ലാതെ വിഷമം അനുഭവിക്കുന്നുണ്ട്. ഇംഗ്‌ളീഷ് മരുന്നുകളും ആയുര്‍വേദവും ഹോമിയോയുമടക്കം പറ്റുന്ന മരുന്നുകള്‍ വാങ്ങിക്കഴിച്ചാണ് ജനം ആശ്വാസം കണ്ടെത്തുന്നത്.
പണ്ടുകാലത്ത് നാട്ടുവൈദ്യത്തില്‍ വളരെ ഗുണമുള്ളൊരു ഇല പനിയടക്കം വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. ഇപ്പോഴും നമ്മുടെ നാട്ടില്‍ സുലഭമായ ഈ ഇല കുട്ടികളിലെ പനിയ്ക്കടക്കം ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല വലിയവര്‍ക്ക് പോലും ഗുരുതരമായ രോഗ പ്രശ്നമുണ്ടാകാതെ പരിഹരിക്കാന്‍ ഈ ഇലകൊണ്ട് സാധിക്കും. ചിലയിടങ്ങളില്‍ നവരയില എന്ന് വിളിക്കുന്ന പനിക്കൂര്‍ക്കയാണ് ഈ ചെടി.നല്ല സുഗന്ധമുള്ള പനിക്കൂര്‍ക്കയുടെ ഇല പേര് സൂചിപ്പിക്കും പോലെ പനി മാറാന്‍ ഉചിതമാണ്. പനി മാത്രമല്ല വയറുവേദന, കഫക്കെട്ട്, ഗ്രഹണി, ജലദോഷം എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഈ ഇല ഉപയോഗിച്ചിരുന്നു. മാത്രമല്ല ഇതിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ ശമനത്തിന് സഹായിക്കും. ദഹന പ്രശ്നങ്ങള്‍, വയറിളക്കം തുടങ്ങിയവ ഇത്തരത്തില്‍ ശമിപ്പിക്കാന്‍ കഴിയും.ആയുര്‍വേദ വിധിപ്രകാരമുള്ള ഗുളികകളിലും ലേഹ്യങ്ങളിലും പനിക്കൂര്‍ക്ക പ്രധാന ഘടകമാണ്. സന്ധിവാത പ്രശ്നങ്ങള്‍ക്കും പ്രോസ്ട്രേറ്റ് കാന്‍സറിനും പനിക്കൂര്‍ക്ക ആശ്വാസം പകരും.