ന്യൂദല്‍ഹി- സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം നഷ്ടപെട്ടെന്ന് കാട്ടി മണിപ്പൂരിലെ ഒമ്പത് മെയ്തി എം.എല്‍.എമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. സംസ്ഥാനത്ത് ഭരണം പങ്കിടുന്ന ബി.ജെ.പിയുടെ എം.എല്‍.എമാരാണ് ഇതില്‍ എട്ടുപേരും. ഒമ്പതാമത്തെയാള്‍ സ്വതന്ത്രനാണ്.
ബി.ജെ.പിയില്‍നിന്നടക്കമുള്ള 30 മെയ്തി എം.എല്‍.എമാര്‍ ദല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനേയും ധനമന്ത്രി നിര്‍മല സീതാരാമനേയും കണ്ട് നിവേദനം നല്‍കിയ ദിവസം തന്നെയാണ് ഒമ്പത് എം.എല്‍.എമാരുടെ തുറന്ന കത്ത്. ഇതേക്കുറിച്ച ചോദ്യത്തിന് ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും ആശയവിനിമയത്തിലെ വീഴ്ചമൂലം സംഭവിച്ചതാകാമെന്നും പ്രധാനമന്ത്രിക്ക് കത്തെഴുതിയ എം.എല്‍.എമാരില്‍ ഒരാളായ നിഷികാന്ത് സിംഗ് സപാം പറഞ്ഞു.
മണിപ്പൂര്‍ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം എന്നാവശ്യപ്പെട്ട് 10 പ്രതിപക്ഷ പാര്‍ട്ടികള്‍ മോഡിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ ബി.ജെ.പി തന്നെ കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആഴ്ചകളായി തുടരുന്ന വംശീയ കലാപത്തില്‍ ഇതിനകം 110 ജീവന്‍ പൊലിഞ്ഞു. ആയിരങ്ങളാണ് നാടുവിട്ടോടിയത്.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് സംസ്ഥാനത്തെ കലാപകലുഷിതമാക്കിയതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ എഴുതിയ കത്തില്‍ പറഞ്ഞു. കലാപത്തിന്റെ ശില്‍പി മണിപ്പൂര്‍ മുഖ്യമന്ത്രിയാണെന്നും അവര്‍ ആരോപിച്ചു.