ജറൂസലം- അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായിൽ സെറ്റിൽമെന്റിന് സമീപം ഫലസ്തീൻ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി ഇസ്രായിൽ എമർജൻസി സർവീസ് അറിയിച്ചു.സംഭവസ്ഥലത്ത് തോക്കുധാരികളിൽ ഒരാളെ കൊലപ്പെടുത്തിയെന്നും രണ്ടാമനുവേണ്ടി തെരച്ചിൽ നടത്തുകയാണെന്നും ഇസ്രായിൽ സൈന്യം പറഞ്ഞു. ഫലസ്തീനി വെടിയേറ്റ് മരിച്ചതായി ഇസ്രായിലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തെങ്കിലും മരണം ഫലസ്തീൻ അധികൃതർ ഉടൻ സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇസ്രായിൽ ആംബുലൻസ് അറിയിച്ചു. ഇസ്രായിൽ സൈനിക നടപടി ശക്തമാക്കിയരിക്കെ വെസ്റ്റ് ബാങ്ക് സംഘർഷത്തിൽ മുങ്ങിയിരിക്കയാണ്. തിങ്കളാഴ്ച ഹെലികോപ്റ്ററുകളിൽനിന്ന് വെടിയുതിർത്ത് ഒരു കൗമാരക്കാരൻ ഉൾപ്പെടെ ആറ് ഫലസ്തീനികളെ കൊലപ്പെടുത്തിയിരുന്നു. 90 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെസ്റ്റ് ബാങ്കിൽ സൈന്യം നടത്തിയ റെയ്ഡ് ഫലസ്തീനി പോരാളികളുമായി മണിക്കൂറുകൾ നീണ്ട വെടിവെപ്പിലേക്ക് നയിച്ചിരുന്നു.