അശരണരായ സ്ത്രീകളോട് കേരള സർക്കാരിനുള്ള കരുതലായാണ് ശരണ്യ ഗണിക്കപ്പെടുന്നത്. സ്വയംതൊഴിൽ പദ്ധതി. പലവിധ സാഹചര്യങ്ങളിൽ നിരാലംബരായി മാറുന്ന വനിതകൾ നേരിടുന്ന പ്രധാന പ്രതിസന്ധി സ്വന്തമായി വരുമാനം ഇല്ലെന്നതാണ്. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നേരിട്ട് ക്ഷേമ പദ്ധതി എന്ന നിലയിൽ ശരണ്യക്ക് തുടക്കംകുറിച്ചത്. മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായ സ്ത്രീകളുടെ കണ്ണീരൊപ്പുകയും ഇരുൾ വീഴുമായിരുന്ന നിരവധി ജീവിതങ്ങൾക്ക് വെളിച്ചമാവുകയും ചെയ്ത പദ്ധതിയാണിത്. എംപ്ലോയ്മെന്റ് വകുപ്പു വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വന്തം കഴിവും നൈപുണ്യവും ഉപയോഗപ്പെടുത്തി സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ പരാശ്രയമില്ലാതെ ജീവിക്കാൻ സ്ത്രീകളെ പ്രാപ്തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. തൊഴിൽരഹിതരായ വിധവകൾ, നിയമാനുസൃതം വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ലാത്ത സ്ത്രീകൾ, കിടപ്പുരോഗിയുടെ ഭാര്യ, ഭിന്നശേഷിക്കാർ, പട്ടികവർഗത്തിലെ വിവാഹം കഴിക്കാത്ത അമ്മമാർ എന്നിവർക്ക് ശരണ്യ സ്വയംതൊഴിൽ പദ്ധതിക്ക് അപേക്ഷിക്കാം. ജില്ല / ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽനിന്ന് അപേക്ഷാഫോറം ലഭിക്കും. സ്വന്തമായി തയ്യാറാക്കിയ പദ്ധതി രൂപരേഖ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും നിലവിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം അപേക്ഷകർ. വാർഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയിൽ താഴെയായിരിക്കണം. ഒരാൾക്ക് പരമാവധി 50,000 രൂപവരെ പലിശരഹിത വായ്പ ലഭിക്കും. പ്രോജക്ട് വലുതാകുന്നപക്ഷം പരമാവധി ഒരുലക്ഷം രൂപവരെ ലഭ്യമാകും. പലിശ ഇല്ലാത്ത ആദ്യത്തെ 50,000 രൂപയ്ക്കു മുകളിൽ അനുവദിക്കുന്ന തുകയ്ക്ക് മൂന്ന് ശതമാനം പലിശയും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകണം.
അമ്പതിനായിരം രൂപ വരെയുള്ള പലിശരഹിത വായ്പയിൽ 25,000 രൂപ സബ്സിഡി ലഭിക്കും. ബാക്കി തുക 60 മാസ ഗഡുക്കളായി തിരിച്ചടച്ചാൽ മതി. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലാണ് തിരിച്ചടയ്ക്കേണ്ടത്. പ്രതിമാസം 500 രൂപയിൽ താഴെയായിരിക്കും തിരിച്ചടവു തുക.
പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്ന വനിതകൾക്ക് സ്വയംതൊഴിലുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റ് വകുപ്പ് പരിശീലനവും നൽകുന്നുണ്ട്. സ്വയംതൊഴിൽ സംരംഭ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ വനിതകളെ പ്രാപ്തരാക്കുക കൂടിയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഉൽപാദനം, സേവനം, കച്ചവടം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കാം. സംരംഭങ്ങൾ വീടുകളിലും തുടങ്ങാമെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇതിലൂടെ വനിതകൾക്ക് നിലവിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ടു തന്നെ വരുമാനം ആർജിക്കാനാകും. ചെറുകിട കച്ചവടം, ആവിയിൽ വേവിച്ച പലഹാരങ്ങൾ, ഇഡ്ഡലി, ദോശ മാവ്, തയ്യൽ ജോലികൾ, എണ്ണയിൽ വറുത്ത ഉപ്പേരികൾ, കായം, അച്ചാർ നിർമാണം തുടങ്ങി കുറഞ്ഞ മുതൽമുടക്കിൽ ആരംഭിച്ച് വരുമാനം കണ്ടെത്താൻ കഴിയുന്ന വിവിധ സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്. ഫോൺ: 0471-2301389. വെബ്‌സൈറ്റ്:
www.employment.kerala.gov.in