കൊച്ചി- മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിന്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച താരം ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകള്‍ ആയിരുന്നു അവസാനമായി മീര അഭിനയിച്ച ചിത്രം. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ നടി പങ്കുവച്ച പുത്തന്‍ ഫോട്ടോകള്‍ വൈറലാകുകയാണ്. കുട്ടിയുടുപ്പുമായുള്ള ചിത്രങ്ങളാണ് കൂടുതലും.
അതേ സമയം അച്ചുവിന്റെ അമ്മയിലൂടെ മലയാളിക്ക് പ്രിയപ്പെട്ട ജോഡിയായ മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചിട്ടുണ്ട്. 'ക്വീന്‍ എലിസബത്ത്' എന്നാണ് ചിത്രത്തിന്റെ പേര്. എം.പത്മകുമാര്‍ ആണ് സംവിധാനം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവന്‍കോര്‍ ഓപ്പസ് ഹൈവേയില്‍ നടന്നു. വെള്ളം, അപ്പന്‍, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അര്‍ജുന്‍ ടി. സത്യന്‍ ആണ് ചിത്രത്തിന്റെ രചന. സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് വിവരം.
തിരിച്ചുവരവില്‍ തെലുങ്കിലും സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. വിമാനം എന്ന തെലുങ്ക്- തമിഴ് സിനിമയിലാണ് മീര ജാസ്മിന്‍ അഭിനയിക്കുന്നത്. മീര ജാസ്മിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിമാനത്തില്‍ നടി ഭാഗമാകുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മീര അഭിനയിക്കുന്ന തെലുങ്ക് സിനിമ എന്ന പ്രത്യേകതയും വിമാനത്തിനുണ്ട്.
സീ സ്റ്റുഡിയോസും കിരണ്‍ കൊരപട്ടിയും ചേര്‍ന്നാണ് വിമാനം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സമുദ്രകനിയും പ്രധാന കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.