മുംബൈ- വിവാദങ്ങളെ തുടര്‍ന്ന് ആദിപുരുഷ് സിനിമയിലെ ചില സംഭാഷണങ്ങള്‍ തിരുത്താനൊരുങ്ങി നിര്‍മാതാക്കള്‍. ഹിന്ദു പുരാണമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ആദിപുരുഷ് സിനിമ. എന്നാല്‍ ചിത്രത്തില്‍ ദൈവങ്ങളായ കഥാപാത്രങ്ങള്‍ മോശം വാക്കുകളും മറ്റും ഉപയോഗിക്കുന്നുവെന്നതാണ് വിമര്‍ശം. ലങ്ക ദഹന സമയത്ത് ഹനുമാന്‍ നടത്തുന്ന സംഭാഷണം ഏറെ വിമര്‍ശന വിധേയമായി.
പൊതുജനങ്ങളുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങള്‍ വിലയിരുത്തലുകളും പരിഗണിച്ച് ഈ ദൃശ്യാനുഭവം അവിസ്മരണീയമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുവാന്‍ സിനിമയുടെ സംഭാഷണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് നിര്‍മ്മാതാക്കള്‍ പ്രസ്താവനയില്‍ പറയുന്നത്. മാറ്റം ഉടന്‍ തീയറ്ററുകളില്‍ എത്തും.
സിനിമയില്‍ പറഞ്ഞിരിക്കുന്ന ഡയലോഗുകള്‍ സിനിമയുടെ കാതലായ സത്തയുമായി ഒത്തുപോകുന്നതാണോ എന്ന് പരിശോധിക്കും. ആവശ്യമായവ മാറ്റും.അടുത്ത കുറച്ച് ദിവസങ്ങളില്‍ ഈ മാറ്റം തിയേറ്ററുകളില്‍ പ്രതിഫലിക്കും. ബോക്‌സ് ഓഫീസിലെ വലിയ കളക്ഷന്‍ എന്തൊരു ജന അഭിപ്രായം മാനിക്കുന്നതില്‍ ആദിപുരുഷ് ടീമിന് തടസ്സമല്ല. ഞങ്ങളുടെ ടീം പ്രേക്ഷകരുടെ വികാരത്തിനും പൊതു അഭിപ്രായത്തിനും അതീതമല്ലെന്നതിന്റെ തെളിവാണ് ഈ തീരുമാനം- ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഞാന്‍ ആദിപുരുഷിന് വേണ്ടി 4000ലധികം വരികള്‍ എഴുതി. എന്നാല്‍ വിമര്‍ശനം വന്നത് അഞ്ച് വരികള്‍ക്കാണ്. എന്നാല്‍ ബാക്കിയുള്ള വരികള്‍ ശ്രീരാമന്റെ മഹത്വം പറഞ്ഞ്, മാ സീതയുടെ ചാരിത്ര്യം വിവരിക്കുന്നതുമാണ്. എന്നാല്‍ അതിനൊന്നും ആരും നല്ലത് പറഞ്ഞില്ല, അതിന് കാരണം എനിക്ക് മനസിലാകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ വികാരത്തേക്കാള്‍ വലുതായി ഒന്നുമില്ല. എന്റെ ഡയലോഗുകള്‍ക്ക് അനുകൂലമായി എനിക്ക് എണ്ണമറ്റ വാദങ്ങള്‍ നിരത്താന്‍ കഴിയും. പക്ഷെ ഇത് നിങ്ങള്‍ക്ക് ഉണ്ടാക്കിയ മനോവിഷമം കൂട്ടും. അതിനാല്‍ നിങ്ങളെ വേദനിപ്പിക്കുന്ന ചില ഡയലോഗുകള്‍ തിരുത്താന്‍ ഞാനും സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും തീരുമാനിച്ചു. ഈ ആഴ്ച മാറ്റിയ ഡയലോഗുകള്‍ സിനിമയില്‍ ചേര്‍ക്കും- ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയ മനോജ് മുന്‍താഷിര്‍ പറഞ്ഞു.