ചെന്നൈ- ദേശീയ വനിതാ കമ്മിഷന്‍ അംഗമായ നടി ഖുശ്ബു സുന്ദറിനെ അപമാനിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. എല്ലാ പദവികളില്‍നിന്നും ശിവാജി കൃഷ്ണമൂര്‍ത്തിയെ നീക്കിയതായി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ അറിയിച്ചു. ഖുശ്ബുവിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പോലീസ് ശിവാജിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗവര്‍ണര്‍ക്കെതിരായ പരാമര്‍ശത്തില്‍ ജനുവരിയില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്ന ശിവാജിയെ മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് അടുത്തിടെയാണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. ശിവാജിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയ ഖുശ്ബു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനയായിരുന്നു.
ഡിഎംകെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ താവളമായി മാറിയെന്ന് ഖുശ്ബു ആരോപിച്ചു. പതിവായി അവഹേളനം നടത്തുന്നയാളാണ് ഇയാള്‍. ഇത്തരത്തിലുള്ള നിരവധി ആളുകളാണ് ഡിഎംകെയിലുള്ളത്. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവര്‍ക്കാണ് ഡിഎംകെ അവസരങ്ങള്‍ നല്‍കുന്നത്- ഖുശ്ബു പറഞ്ഞു.