കൊച്ചി- സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'കിര്‍ക്കന്‍' ജൂലായ് റിലീസാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഏറെ നിഗൂഡതകള്‍ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം ഒരു മലയോര ഗ്രാമത്തില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്.
മലയാളത്തില്‍ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തില്‍ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഔള്‍ മീഡിയ എന്റര്‍ടൈമെന്‍സിന്റെ ബാനറില്‍ അജിത് നായര്‍, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.
ഗൗതം ലെനിന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് രോഹിത് വി. എസ്. വാര്യത്താണ്. ജ്യോതിഷ് കാശി, ആര്‍. ജെ. അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവരുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത്. പി. ആര്‍. ഓ: പി. ശിവപ്രസാദ്.