Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; ഒരുഫേണില്‍ ഒന്നിലധികം അക്കൗണ്ടുകള്‍

മള്‍ട്ടി അക്കൗണ്ട് സേവനവുമായി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്.  ഒരു ഫോണില്‍ ഒരേസമയം ഒന്നിലധികം നമ്പറുകളില്‍ അക്കൗണ്ടുകളുണ്ടാക്കാം. ആവശ്യത്തിനനുസരിച്ച് മാറി മാറി ഉപയോഗിക്കുകയും ചെയ്യാം. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
രണ്ട് ഫോണുകളില്‍ ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ്  ഒരു ഫോണില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാവുന്ന ഫീച്ചര്‍ വരുന്നത്. ഒന്നിലധികം അക്കൗണ്ടുകള്‍ തുടങ്ങുകയും അവയ്ക്കിടയില്‍ എളുപ്പത്തില്‍ മാറുകയും ചെയ്യാം.
വാട്‌സ്ആപ്പിലെ പുതുമകള്‍ മുന്‍കൂട്ടി ഉപയോക്താക്കളില്‍ എത്തിക്കുന്ന പ്രശസ്ത വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റാ ഇന്‍ഫോ ആണ് വാട്‌സ്ആപ്പ് ബിസിനസ് ബീറ്റ ആന്‍ഡ്രോയ്ഡ് (2.23.13.5) പതിപ്പില്‍ ഏറ്റവും പുതിയ മള്‍ട്ടിഅക്കൗണ്ട് ഫീച്ചര്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.
ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത വാട്‌സ്ആപ്പില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറക്കാന്‍ പുതിയ ഫീച്ചര്‍ അനുവദിക്കും. ബിസിനസ് പതിപ്പിനു പിന്നാലെ ആപ്പിന്റെ റെഗുലര്‍ പതിപ്പിലും ഫീച്ചര്‍ വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.  
വാട്ട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സ് മെനുവില്‍ പോയി മള്‍ട്ടി അക്കൗണ്ട് സേവനം ഉപയോഗപ്പെടുത്താം. രണ്ടാമത്തെ അക്കൗണ്ടിലേക്ക് പ്രവേശിക്കാനായി പ്രത്യേകം ലോഗ്ഇന്‍ ചെയ്യേണ്ടതില്ല. സ്വകാര്യ അക്കൗണ്ടും വര്‍ക്ക് അക്കൗണ്ടുമായി മാറി മാറി ഉപയോഗിക്കാം.
ടെലിഗ്രാം ആപ്പില്‍ നേരത്തെ തന്നെ മള്‍ട്ടിഅക്കൗണ്ട് ഫീച്ചര്‍ ലഭ്യമാണ്.  ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്‌സ്ആപ്പില്‍ അടുത്തിടെയായി കൂടുതല്‍ ഫീച്ചറുകള്‍  വരുന്നത്.

 

Latest News