മോസ്‌കോ- റഷ്യ ഇതിനകം തന്നെ ബെലാറസിൽ തന്ത്രപരമായ ആണവായുധങ്ങളുടെ ആദ്യ ബാച്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യൻ പ്രദേശത്തിന് ഭീഷണിയുണ്ടെങ്കിൽ മാത്രമേ അവ ഉപയോഗിക്കൂവെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. ഉക്രൈന് നേരെയുള്ള ആക്രമണത്തിൽ ആണവായുധം പ്രയോഗിക്കാൻ ക്രെംലിൻ പദ്ധതിയിടുന്നതായി സൂചനയില്ലെന്നാണ് അമേരിക്കൻ സർക്കാർ പറയുന്നത്. 'റഷ്യ ആണവായുധം പ്രയോഗിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനകളൊന്നും ഞങ്ങൾ കാണുന്നില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ബെലാറസ് ഒരു പ്രധാന റഷ്യൻ സഖ്യകക്ഷിയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യയുടെ ഉക്രൈൻ ആക്രമണത്തിന്റെ പ്രധാന താവളമാണ് ബെലാറസ്. തന്ത്രപരമായ ആണവ പോർമുനകൾ കൈമാറുന്നത് വേനൽക്കാലം അവസാനത്തോടെ പൂർത്തിയാകുമെന്ന് പുടിൻ പറഞ്ഞു.
സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിലെ ഒരു പ്രസംഗത്തിന് ശേഷമുള്ള ചോദ്യോത്തര സെഷനിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ഈ നീക്കം റഷ്യക്ക് ഉപരോധം ഏർപ്പെടുത്തുന്നവർക്കും ഞങ്ങൾക്ക് തന്ത്രപരമായ തോൽവി ഏൽപ്പിക്കാൻ ചിന്തിക്കുന്നവരെ ഓർമ്മിപ്പിക്കാനാണെന്നും പുടിൻ പറഞ്ഞു. റഷ്യൻ ഭരണകൂടത്തിന് അപകടമുണ്ടായാൽ അങ്ങേയറ്റത്തെ നടപടികൾ സാധ്യമാണെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ടെന്നും പുടിൻ പറഞ്ഞു.