മലയാള സിനിമയിലും കാസ്റ്റിങ് കൗച് ഉണ്ടെന്നും പലരും അതൊരു അവകാശം പോലെ ചോദിക്കുകയാണെന്നും ആദ്യമായി തുറന്നു പറഞ്ഞത് പാര്‍വതിയായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പാര്‍വതി നടിയ്ക്ക് എല്ലാ പിന്തുണയുമായി കൂടെ നില്‍ക്കുകയും ഡബ്ലിയുസിസി രൂപീകരണത്തില്‍ സഹകരിക്കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമാണ് പാര്‍വതിക്കു നേരെ പിന്നീടുണ്ടായ സോഷ്യല്‍മീഡിയ അതിക്രമങ്ങള്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനയിലേയ്ക്ക് തിരിച്ചെടുത്ത സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കണമെന്ന് പാര്‍വതിയടക്കം കത്ത് നല്‍കുകയും അതുപ്രകാരം ഈ മാസം 19 ന് യോഗം നടക്കുമെന്നു അറിയിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് പാര്‍വതി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. യുവനടിക്ക് നേരിട്ടതിന് സമാനമായ ആക്രമണം സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് തനിക്കു നേരിടേണ്ടി വന്നിട്ടുണ്ടെനാണ് പാര്‍വതി വെളിപ്പെടുത്തുന്നത്. ആരുടെയും പേര് എടുത്ത് പറയാതെയുള്ള വെളിപ്പെടുത്തലിനൊപ്പം ആരെയും ശിക്ഷിക്കാനല്ല താനിത് പറയുന്നതെന്നും ഇതൊക്കെ സര്‍വസാധാരണം ആണെന്ന ബോധവത്ക്കരണത്തിനാണെന്നും പാര്‍വതി പറഞ്ഞു.