Sorry, you need to enable JavaScript to visit this website.

വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ട നാലു പേരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം വീതം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു- ദക്ഷിണ കന്നഡ ജില്ലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

ദീപക് റാവു, മുഹമ്മദ് ഫാസില്‍, മുഹമ്മദ് മഷൂദ്, അബ്ദുള്‍ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന വര്‍ഗീയ കലാപങ്ങളിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

എല്ലാവര്‍ക്കും സമത്വമെന്ന തത്വം നയിക്കുന്ന ഞങ്ങളുടെ സര്‍ക്കാരില്‍ വിവേചനത്തിന് ഇടമില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ്  ട്വീറ്റ് ചെയ്തു. ബിജെപി ഭരണകാലത്ത് വര്‍ഗീയ കലാപത്തിന് ഇരയായ മസൂദ്, ഫാസില്‍, ജലീല്‍, ദീപക് റാവു എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് 25 ലക്ഷം രൂപ വീതം അനുവദിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്.

കര്‍ണാടകയില്‍ ഒരു കാരണവശാലും വര്‍ഗീയ കലഹങ്ങളും പ്രകോപനങ്ങളും വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ കലാപത്തിന് ഇരയായ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കന്നഡ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. കൊല്ലപ്പെട്ട ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് മുന്‍ സര്‍ക്കാര്‍ വിവേചനരഹിതമായി നഷ്ടപരിഹാരം നല്‍കിയെന്നും മുസ്ലിം കുടുംബങ്ങളെ അവഗണിച്ചെന്നും ന്യൂനപക്ഷ സെല്‍ ആരോപിച്ചു.
മൊബൈല്‍ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തിരുന്ന 30 വയസ്സുകാരനാണ് ദീപക് റാവു. 2018 ജനുവരി മൂന്നിന് സൂറത്ത്കലില്‍ വെച്ചാണ് അജ്ഞാതര്‍ ഇയാളെ വെട്ടിക്കൊലപ്പെടുത്തിയത്. 2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റാവുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, അന്ന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നില്ല.
ജൂലൈ 19 ന് ഒരു സംഘം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തലയില്‍ സോഡാ കുപ്പി കൊണ്ടാണ് 19 കാരനായ  മുഹമ്മദ് മഷൂദിനെ  ആക്രമിച്ചത്.  ജൂലൈ 21 നാണ് മരിച്ചത്.
ജൂലായ് 27ന് ബെള്ളാരെയില്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ ബിജെവൈഎം നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം കര്‍ണാടകയിലെ മംഗളൂരു ജില്ലയിലെ ഒരു വസ്ത്രക്കടയ്ക്ക് മുന്നില്‍ മുഹമ്മദ് ഫാസില്‍ കൊല്ലപ്പെട്ടു. ഫാസിലിന്റെ കൊലപാതകത്തില്‍ ഏഴുപേരെ പ്രതികളാക്കി.
2022 ഡിസംബര്‍ 24 ന് സൂറത്കലില്‍ വെച്ചാണ് 45 കാരനായ കടയുടമയാണ് അബ്ദുള്‍ ജലീല്‍ കുത്തേറ്റുമരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

 

 

Latest News