Sorry, you need to enable JavaScript to visit this website.

കാനഡയില്‍ അറസ്റ്റിലായ സി.എ.എം ബഷീറിനെ  വിട്ടുകിട്ടാന്‍ നീക്കവുമായി മുംബൈ പൊലീസ്

മുംബൈ- സിമി നേതാവും 2003ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയുമായ സി.എ.എം  ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ഇന്ന് തുടങ്ങും. കഴിഞ്ഞ ദിവസം കാനഡയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റില്‍ ആയത്. 10 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ ആസൂത്രകനായിരുന്നു സി.എം.എം ബഷീര്‍.
കാനഡയില്‍ ഇയാൾ വര്‍ഷങ്ങളായി മറ്റൊരു പേരില്‍ ജീവിച്ചുവരികയായിരുന്നു. സംശയം തോന്നിയ മുംബൈ ക്രൈംബ്രാഞ്ച് ഇദ്ദേഹം തന്നെയാണ്  ബഷീര്‍ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റും നടത്തി. ഇതിനായി  ബഷീറിന്റെ ആലുവയില്‍ താമസിക്കുന്ന സഹോദരി സുഹ്റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തണമെന്ന് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കിയിരിക്കുകയാണ്.
പോലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ ബഷീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിനാല്‍ കാനഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ എയര്‍പോര്‍ട്ട് അധികൃതര്‍ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതോടെ പിടികൂടുകയും ചെയ്തു- ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest News