അഹമ്മദാബാദ് - ഗുജറാത്തില്‍ ആഞ്ഞടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള അനിഷ്ടസംഭവങ്ങളില്‍ ആറുപേര്‍ മരിച്ചു. ഇന്നലെ വൈകുന്നരത്തോടെ ആരംഭിച്ച കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവും ഇന്നും തുടരുകയാണ്. ഇന്ന് തീവ്രത കുറയുമെന്നാണ് കണക്കു കൂട്ടല്‍. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നതായും വിവരമുണ്ട്. ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 115- മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ ചുഴലിക്കാറ്റ് വീശിയത്. അതിതീവ്ര ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ എട്ട് ജില്ലകളില്‍ നിന്നായി 74,000ത്തോളം പേരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എട്ട് തീരദേശ ജില്ലകളില്‍ നിന്നായി 74,345 പേരെ താല്‍ക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. കച്ച് ജില്ലയില്‍ മാത്രം 34,300 പേരെയും ജാംനഗറില്‍ 10,000 പേരെയും മോര്‍ബിയില്‍ 9,243 പേരെയും രാജ്കോട്ടില്‍ 6,089 പേരെയും, ഡിവാര്‍കോട്ടില്‍ നിന്ന് 5,089 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജുനഗഢ്, പോര്‍ബന്തര്‍, ഗിര്‍സോമനാഥ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.ഭുജ് വിമാനത്താവളം ഇന്ന് വരെ അടച്ചു. 69 ട്രെയിനുകള്‍ റദ്ദാക്കി. ദ്വാരകയില്‍ ദൂരദര്‍ശന്റെ ടവര്‍ പൊളിച്ചു മാറ്റി. ആ ശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ദേശീയ ദുരന്തനിവാരണ സേനയുടെ 18 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മൂന്ന് സേന വിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ആരാഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.