റാഞ്ചി- ഗോരക്ഷാ ഗുണ്ടകള്‍ ഉള്‍പ്പെട്ട ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ ആദ്യമായി കോടതി ശിക്ഷിച്ച എട്ടു പ്രതികള്‍ക്ക് കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹ പൂമാല ചാര്‍ത്തിയും മധുരം കൊടുത്തും സ്വീകരണം നല്‍കിയത് വിവാദമായി. ജാര്‍ഖണ്ഡിലെ രാംഗഡില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 30-ന് ആലിമുദ്ദീന്‍ അന്‍സാരി എന്ന മാംസ വ്യാപാരിയെ വാഹനം തടഞ്ഞ് നടുറോഡിലിട്ട് മര്‍ദ്ദിച്ചു കൊന്ന കേസില്‍ ജയിലിലായ ബിജെപി നേതാവുള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ജയന്ത് സിന്‍ഹ സ്വീകരണം നല്‍കിയത്. കേസില്‍ 11 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞ മാര്‍ച്ചിലാണ്. എന്നാല്‍ ഒരാഴ്ച മുമ്പ് ഇവരുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന് ഹസാരിബാഗിലെ ജയിലില്‍ നിന്ന് മോചിതരായ പ്രതികളെ സ്ഥലം എംപി കൂടിയായ ബിജെപി നേതാവ് മന്ത്രി ജയന്ത് സിന്‍ഹ ചൊവ്വാഴ്ചയാണ് പൂമാലയിട്ട് സ്വീകരണം നല്‍കിയത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും ഇടയാക്കി. ഇതോടെയാണ് ശനിയാഴ്ച ട്വിറ്ററില്‍ ന്യായീകരണവുമായി മന്ത്രി രംഗത്തു വന്നത്.
താന്‍ നിയമ നപടികളെ മാനിക്കുക മാത്രമാണ് ചെയ്തതെന്നും അക്രമങ്ങളേയും സംഘര്‍ഷങ്ങളേയും അപലപിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. അതേസമയം ആലിമുദ്ദീന്‍ കൊലക്കേസിലെ പ്രതികള്‍ അതിവേഗ കോടതിയില്‍ നേരിട്ട വിചാരണയില്‍ തനിക്ക് സംശയങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി പോസ്റ്റ് ചെയ്ത് ട്വീറ്റുകളിലൂടെയാണ് മന്ത്രിയുടെ ന്യായീകരണം.
പ്രതിപക്ഷ നേതാക്കളും സിന്‍ഹയുടെ നടപടിക്കെതിരെ ശക്തമായ പ്രതികരണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. കൊലക്കേസ് പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ സിന്‍ഹയുടെ നടപടി നിന്ദ്യമാണെന്ന് ജാര്‍ഖണ്ഡ് പ്രതിപക്ഷ നേതാവ് ഹേമന്ദ് സോറന്‍ ട്വീറ്റ് ചെയ്തു. സിന്‍ഹ പഠിച്ച യുഎസിലെ ഹാവഡ് യൂണിവേഴ്‌സിറ്റിയെ ടാഗ് ചെയ്തു കൊണ്ടാണ് സോറന്റെ ട്വീറ്റ്.
ഇത് ആദ്യമായല്ല ആലിമുദ്ദീന്‍ വധക്കേസിലെ പ്രതികള്‍ക്കു വേണ്ടി സിന്‍ഹ രംഗത്തെത്തുന്നത്. മാര്‍ച്ചില്‍ 11 പ്രതികളേയും കോടതി ശിക്ഷിച്ചപ്പോള്‍ കേസ് പുനരന്വേഷിക്കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. താന്‍ ഈ കേസിന്റെ വിവിധ വശങ്ങള്‍ പഠിച്ചിച്ചുണ്ടെന്നും സിന്‍ഹ അവകാശപ്പെട്ടിരുന്നു. സംഭവം നടന്ന റാഞ്ചിക്കടുത്ത രാംഗഡ് സിന്‍ഹ പ്രതിനിധീകരിക്കുന്ന ഹസാരിഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ്.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു ശേഷം രാജ്യത്തു പലയിടത്തും അരങ്ങേറിയ മുസ്ലിംകള്‍ക്കെതിരായ ഗോരക്ഷാ ഗുണ്ടകളുടെ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കോടതി ആദ്യമായി ശിക്ഷവിധിച്ച കേസാണ് രാംഗഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആലിമുദ്ദീന്‍ അന്‍സാരിയുടെ കേസ്. വേഗത്തില്‍ പോലീസ് അന്വേഷണം നടത്തിയ കേസ് അതിവേഗ കോടതിയിലാണ് വിചാരണ നടത്തിയത്. ഒമ്പതു മാസങ്ങള്‍ക്കു ശേഷം പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ച പ്രതികള്‍ സംഭവം നടന്ന് കൃത്യം ഒരു വര്‍ഷത്തിനു ശേഷം ജയില്‍ മോചിതരായി. കേസിലെ ഒരു പ്രതിയായ ബിജെപി ജില്ലാ നേതാവ് നിത്യാനന്ദ് മഹാതോ ആലിമുദ്ദീനെ കാറില്‍ നിന്നും വലിച്ചിറക്കുന്ന വീഡിയോ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.