ന്യൂദല്‍ഹി- ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ഇന്ന് ദല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരായി. നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യം കോടതി സ്ഥിരം ജാമ്യം ആക്കി. ഒരു ലക്ഷം രൂപയുടെ ഉറപ്പിന്‍മേലാണ് ജാമ്യം. നേരത്തെ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ ഇനി ജാമ്യത്തിനായ് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് ജഡ്ജി ജാമ്യം അനുവദിച്ചത്.
കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ അപേക്ഷ തരൂരിന്റെ അഭിഭാഷകനും പ്രൊസിക്യൂഷനും എതിര്‍ത്തു. കേസ് വീണ്ടും പരിഗണിക്കാനായി ജൂലൈ 26-ലേക്കു മാറ്റി.
സുന്ദനയുടെ ദുരൂഹ മരണം അന്വേഷിച്ച ദല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘം 3,000 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് കോടതി ശശി തരൂരിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി അനുവദിച്ചിരുന്നു. തരൂരിനെതിരെ കേസ് തുടരാനുള്ള തെളിവുകള്‍ ഉണ്ടെന്ന് കഴിഞ്ഞ മാസം കോടതി പറഞ്ഞിരുന്നു.