അഹമ്മദാബാദ്- അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് രാത്രി എട്ടുമണിക്കുമുമ്പ് ഗുജറാത്ത് തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഖു തീരത്താണ് ചുഴലിക്കാറ്റ് കരതൊടുക. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് 140 കിലോമീറ്റര്‍ വരെ വേഗം കൈവരിച്ചേക്കും. തീരത്തോട് അടുക്കുന്നതോടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നാണ് കരുതപ്പെടുന്നത്.
സൗരാഷ്ട്ര കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള പാകിസ്താനിലെ മാണ്ഡവി കറാച്ചി പ്രദേശത്തിനിടയിലും കരതൊടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലയില്‍ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.
ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 15 കപ്പലുകളും ഏഴ് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. നാല് പ്രത്യേക ഡ്രോണിയറുകളും മൂന്ന് ഹെലികോപ്റ്ററുകളും സജ്ജമാണെന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ എ.കെ. ഹര്‍ബോല അറിയിച്ചു.
തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഉന്നതതലയോഗം വിളിച്ചു. ഗാന്ധിനഗറിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലാണ് യോഗം വിളിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി ഏതാണ്ട് ഒരുലക്ഷത്തോളം പേരെ ഗുജറാത്തില്‍ വിവിധയിടങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.