അഹമ്മദാബാദ്- ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യാപേക്ഷയെ ഗുജറാത്ത് ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍. 2002 ലെ കലാപവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാര്‍ ശക്തമായ വാദങ്ങള്‍ മുന്നോട്ടുവെച്ചത്.
കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി സെതല്‍വാദ്, സഞ്ജീവ് ഭട്ട്, ആര്‍ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ 30 ലക്ഷം രൂപ നല്‍കിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.
ഗുജറാത്തിനെയും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും ബിജെപി പ്രവര്‍ത്തകരെയും അപകീര്‍ത്തിപ്പെടുത്താനാണ് സെതല്‍വാദിനെ ചുമതലപ്പെടുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. സെതല്‍വാദിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ വര്‍ഷം സെഷന്‍സ് കോടതിയിലും സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയക്കാരന്റെ ഉപകരണംമെന്നാണ് വാദത്തിനിടെ സെതല്‍വാദിനെ പ്രോസിക്യൂഷന്‍ മുദ്രകുത്തിയത്. 2002ലെ ഗോധ്ര കലാപത്തിന് ശേഷം ഗുജറാത്ത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗൂഢാലോചനയുടെ വലിയ വശം പ്രചരിപ്പിക്കാനും പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാറുമായും ഭട്ടുമായും ചേര്‍ന്ന് സെതല്‍വാദ് ഗൂഢാലോചന നടത്തിയെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.
രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവില്‍ നിന്ന് സെതല്‍വാദ് സാമ്പത്തിക സഹായം കൈപ്പറ്റിയതായി പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. സെതല്‍വാദിന്റെ മുന്‍ സഹായി റയീസ് ഖാന്‍ ഉള്‍പ്പെടെയുള്ള സാക്ഷി മൊഴികള്‍ ഇതിനായി ഉദ്ധരിച്ചു. സെതല്‍വാദും പട്ടേലും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചില വ്യക്തികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും വിശദീകരിച്ചു.
പട്ടേലിന്റെ നിര്‍ദ്ദേശപ്രകാരം സെതല്‍വാദിന് പണം നല്‍കിയെന്ന് അവകാശപ്പെടുന്ന സാക്ഷികളുടെ മൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കി.