കൊച്ചി - ഗോവയില്‍ നിന്ന് വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതി. ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടു. വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പഞ്ചാബില്‍ അധ്യാപകനായ ജിബി ജെയിംസ് എന്ന യുവാവാണ് പരാതി നല്‍കിയത്. തന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കഴിഞ്ഞ മെയ് 27ന് ഗോവയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരേയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.