ന്യൂദൽഹി- കേന്ദ്ര ഏജൻസികൾക്ക് മുൻകൂർ അനുമതിയില്ലാതെ അന്വേഷണം നടത്താനുള്ള പൊതുസമ്മതാധികാരം തമിഴ്നാട് സർക്കാർ പിൻവലിച്ചു. സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങേണ്ടതില്ല എന്ന വകുപ്പാണ് സർക്കാർ പിൻവലിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി വി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഡിഎംകെ സർക്കാരിന്റെ നീക്കം.
വൈദ്യുതി മന്ത്രിയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്താനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെ സർക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. 'ഫെഡറലിസത്തിനെതിരായ ആക്രമണം' എന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇതിനെ വിശേഷിപ്പിച്ചത്.
'സംസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ ഫയലുകളുള്ള സെക്രട്ടേറിയറ്റിലേക്ക് അവർ (ഇഡി) അനാവശ്യമായ രീതിയിൽ അതിക്രമിച്ച് കയറി മന്ത്രിയുടെ ഓഫീസിൽ കയറി നാടകം കളിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, കേരളം, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ സർക്കാറുകൾ കേന്ദ്ര ഏജൻസിക്ക് പൊതുസമ്മത അനുമതി നിഷേധിച്ചിട്ടുണ്ട്.