റിലീസിനു മുമ്പേ വിവാദങ്ങളിൽ ഇടംപിടിച്ച ഫ്‌ളഷ് തിയേറ്ററുകളിലേക്ക്. ലക്ഷദ്വീപുകാരിയും ആക്ടിവിസ്റ്റുമായ ആയിഷ സുൽത്താന സംവിധാനം ചെയ്ത ചിത്രം ജൂൺ 16 ന് റിലീസ് ചെയ്യും. ചിത്രത്തിൽ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എതിരെയുള്ള പരാമർശങ്ങൾ ഉള്ളതുകൊണ്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമാതാവ് ബീന കാസിം തന്റെ സിനിമ തടഞ്ഞുവെക്കുന്നതായി സംവിധായിക അയിഷ സുൽത്താന ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ ബീന കാസിം വാർത്താ സമ്മേളനം നടത്തി നിഷേധിച്ചു.
ലക്ഷദ്വീപിൽനിന്ന് സിനിമ മേഖലയിലെത്തിയ ഒരു പെൺകുട്ടിയെ പ്രോൽസാഹിപ്പിക്കാനാണ് ആയിഷ സുൽത്താന കൊണ്ടുവന്ന കഥ സിനിമയാക്കാൻ താൻ പണം മുടക്കിയത്. എന്നാൽ ആയിഷ
മുമ്പ് എന്നോട് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. നല്ല ഉദ്ദേശ്യത്തോടെ പണം മുടക്കിയ എന്റെ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുക്കളെ എനിക്ക് ഉണ്ടാക്കിക്കൊണ്ട് എന്നെ മനഃപൂർവം ഉപദ്രിവിക്കാൻ ആയിഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസ്സിലായി. ഇതേച്ചൊല്ലിയാണ് ഞാനും സംവിധായികയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയത്.
എന്തായാലും ഈ മാസം 16 ന് തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചു. ആയിഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് ഈ സിനിമ കണ്ട് ജനം തീരുമാനിക്കട്ടെയെന്ന് ബീന കാസിം പറഞ്ഞു.