മുംബൈ- നടൻ കപിൽ ശർമ്മയ്ക്കൊപ്പം കോമഡി ഷോയിൽ പ്രവർത്തിച്ച തീർത്ഥാനന്ദ റാവു സോഷ്യൽ മീഡിയയിൽ ലൈവായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്റെ ലൈവ് ഇൻ പങ്കാളി ബ്ലാക്ക് മെയിൽ നടത്തുകയും പണം കവരാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് തീർത്ഥാനന്ദ റാവു ആത്മഹത്യക്ക് ശ്രമിച്ചത്. കീടനാശിനി നിറച്ച കുപ്പിയിൽ നിന്ന് കുറച്ച് ദ്രാവകം അദ്ദേഹം കുടിക്കുന്നത് വീഡിയോയിൽ കാണിച്ചിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിയ സുഹൃത്തുക്കളാണ് റാവുവിനെ ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒക്ടോബർ മുതൽ തനിക്ക് യുവതിയുമായി ബന്ധമുണ്ടെന്നും ആത്മഹത്യക്ക് കാരണം യുവതിയാണെന്നും റാവു പറഞ്ഞു.
അവൾ എനിക്കെതിരെ കേസ് ഫയൽ ചെയ്യുകയും അവളെ വിവാഹം കഴിക്കാൻ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, താൻ വലിയ കടബാധ്യതയിലാണെന്നും അദ്ദേഹം ആരോപിച്ചു. എന്റെ ഇപ്പോഴത്തെ സാമ്പത്തികവും വൈകാരികവുമായ അവസ്ഥയ്ക്ക് ഉത്തരവാദി ആ സ്ത്രീയാണ്- റാവു പറഞ്ഞു. റാവു ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. തീർത്ഥാനന്ദ റാവു കപിൽ ശർമ്മയ്ക്കൊപ്പം 'കോമഡി സർക്കസ് കെ അജൂബ്' എന്ന ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.