ന്യൂദല്‍ഹി- പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരിടത്തേക്ക് മാറാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, മുംബൈയിലേക്കോ ദല്‍ഹിയിലേക്കോ പോകരുതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമായ 'പ്രിപ്ലൈ' പുറത്തിറക്കിയ സര്‍വേ പ്രകാരം മുംബൈയും ദല്‍ഹിയും ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള 53 നഗരങ്ങളിലെ സ്വദേശികളല്ലാത്തവരോടുള്ള തദ്ദേശീയരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കമ്മ്യൂണിറ്റി സ്പിരിറ്റ് ഇന്‍ഡക്‌സ് റാങ്കിംഗ്. ഇന്ത്യന്‍ നഗരങ്ങളൊന്നും ''സൗഹൃദ'' പട്ടികയില്‍ ഇടം നേടിയിട്ടില്ലെങ്കിലും, തലസ്ഥാനമായ ദല്‍ഹിയും മുംബൈയും ''സൗഹൃദപരമല്ലാത്ത'' നഗരങ്ങളുടെ പട്ടികയില്‍ മുന്നിലാണ്.'പ്രിപ്ലൈ' തയ്യാറാക്കിയ കമ്മ്യൂണിറ്റി സ്പിരിറ്റ് ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ സൗഹൃദപരമല്ലാത്ത നഗരങ്ങളില്‍ മൂന്നാം സ്ഥാനത്തും ദല്‍ഹി ആറാമതുമാണ്. ലോകത്തിലെ ഏറ്റവും സൗഹൃദ നഗരമായി കനേഡിയന്‍ നഗരമായ ടൊറന്റോയെ തെരഞ്ഞെടുത്തു. സിഡ്‌നി, ന്യൂയോര്‍ക്ക്, ഡബ്ലിന്‍, കോപ്പന്‍ഹേഗന്‍, മോണ്‍ട്രിയല്‍, മാഞ്ചസ്റ്റര്‍ എന്നിവയും മികച്ച നഗരങ്ങളാണ്.