ന്യൂദല്‍ഹി - കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ പിണറായി സര്‍ക്കാര്‍ കേസുകളില്‍ കുടുക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കാതെ കഴിഞ്ഞ ദിവസം ഒഴിഞ്ഞുമാറിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മോഡി സര്‍ക്കാരിന്റെ മാധ്യമവിരോധത്തെ വിമര്‍ശിച്ച് രംഗത്തുവന്നു.
മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ മോഡി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി.
മോഡി സര്‍ക്കാര്‍ മാധ്യമങ്ങളെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും അവരെ അധിക്ഷേപിക്കുകയും വ്യാജകുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്യുന്നു. മോഡി സര്‍ക്കാരിന്റെ ഒരു നിഷേധത്തിനും മാധ്യമ ഉള്ളടക്കത്തിന്റെ സത്യത്തെ അവ്യക്തമാക്കാന്‍ കഴിയില്ല- യെച്ചൂരി ട്വീറ്റ് ചെയ്തു.
കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. നിഷേധങ്ങളും ഭീഷണിയുമാണ് മോഡി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി. ഒടുവില്‍ മോഡിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിലനില്‍ക്കുന്ന ഭീഷണികളില്‍ സീതാറാം യെച്ചൂരി മൗനം തുടരുകയാണ്. കഴിഞ്ഞ ദിവസം സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ചുളള ചോദ്യത്തിന് കേസിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.