ഭോപാൽ- ഇന്നലെയാണ് ഭോപ്പാലിലെ ഏഴ് നിലകളുള്ള സത്പുര ഭവനിൽ തീപിടുത്തമുണ്ടായത്. സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി ഗവൺമെന്റ് രേഖകളും നശിച്ചു. എന്നാൽ ഇപ്പോൾ വാർത്തയിൽ ഇടം തേടിയിരിക്കുന്നത് മറ്റൊരു സംഭവമാണ്. മധ്യപ്രദേശ് സർക്കാർ ഏറെ കെട്ടിഘോഷിച്ച്, 5.5 കോടി രൂപക്ക് വാങ്ങിയ അഡ്വാൻസ്ഡ് ഹൈഡ്രോളിക് ഗോവണി കൊണ്ട് ഒരു കാര്യവുമുണ്ടായില്ല. ഈ വാഹനത്തിന് അപകടമുണ്ടായ കെട്ടിടത്തിന്റെ 40 മീറ്റർ അകലെയാണ് പാർക്ക് ചെയ്യാൻ കഴിഞ്ഞത്.
18 നിലകൾ വരെ ഉയരമുള്ള കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ ഒമ്പത് മാസം മുമ്പ് ഏറെ കൊട്ടിഘോഷിച്ചാണ് ഇത് വാങ്ങിയത്. എന്നാൽ, ഭോപ്പാലിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിൽ ഒന്നായ സത്പുര തീപ്പിടിത്തതെ ചെറുക്കുന്നതിൽ ഈ ഹൈഡ്രോളിക് ഗോവണിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഉറപ്പായി. കരസേനയും ഇന്ത്യൻ വ്യോമസേനയുമാണ് തീയണച്ചത്. 'ഹൈഡ്രോളിക് മെഷീൻ കടന്നുപോകാൻ സ്ഥലമില്ലായിരുന്നുവെന്നാണ് മധ്യപ്രദേശ് മന്ത്രി ഇത് സംബന്ധിച്ച് പറഞ്ഞത്.