ബീജിംഗ്- ഏഷ്യൻ സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ചൈനയിലുള്ള അവസാനത്തെ ഇന്ത്യൻ പത്രപ്രവർത്തകനോടും ഉടൻ രാജ്യം വിടാൻ ചൈന ആവശ്യപ്പെട്ടു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടറോട് ഈ മാസം രാജ്യം വിടാൻ ചൈനീസ് അധികൃതർ നിർദ്ദേശം നൽകി. ഇതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഇന്ത്യയുടെ മാധ്യമ സാന്നിധ്യം ഇല്ലാതാകും. ഇന്ത്യൻ മാധ്യമങ്ങൾക്ക് ഈ വർഷം ആദ്യം ചൈനയിൽ നാല് റിപ്പോർട്ടർമാർ ഉണ്ടായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ ഈ വാരാന്ത്യത്തോടെ രാജ്യം വിട്ടു. പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതിയിലെയും ഹിന്ദു ദിനപത്രത്തിലെയും രണ്ട് പത്രപ്രവർത്തകർക്ക് ഏപ്രിലിൽ ചൈന വിസ പുതുക്കൽ നിഷേധിച്ചു.
ഒരു ചൈനീസ് പത്രപ്രവർത്തകൻ ഇന്ത്യയിൽ അവശേഷിക്കുന്നുണ്ടെന്നും അവർ ഇപ്പോഴും വിസ പുതുക്കാൻ കാത്തിരിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. നേരത്തെ, സിൻഹുവ ന്യൂസ് ഏജൻസിയിലെയും ചൈന സെൻട്രൽ ടെലിവിഷനിലെയും രണ്ട് മാധ്യമപ്രവർത്തകരുടെ വീസ പുതുക്കൽ അപേക്ഷകൾ ഇന്ത്യ നിരസിച്ചിരുന്നു. ചൈനീസ് റിപ്പോർട്ടർമാർ ഒരു ബുദ്ധിമുട്ടും കൂടാതെ രാജ്യത്ത് പ്രവർത്തിച്ചിരുന്നുവെന്നും എന്നാൽ ചൈനയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കാര്യം ഇതായിരുന്നില്ലെന്നും ഇന്ത്യ ഈയിടെ വ്യക്തമാക്കിയിരുന്നു.