ബെയ്ജിംഗ്- അവസാന ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ രാജ്യം വിടണമെന്നാണ് പി ടി ഐ റിപ്പോര്‍ട്ടറോട് ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുന്നതിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന.ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആകെ നാല് ഇന്ത്യന്‍ മാദ്ധ്യമ പ്രവര്‍ത്തകരാണ് ചൈനയില്‍ ഉണ്ടായിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തെ ചൈനയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയിരുന്നു. പ്രസാര്‍ ഭാരതി, ദ ഹിന്ദു എന്നിവരുടെ റിപ്പോര്‍ട്ടര്‍മാരുടെ വിസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെയാണ് നാലാമത്തെ പത്രപ്രവര്‍ത്തകനോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്. മാദ്ധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും തയാറായില്ല. സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു മാദ്ധ്യമ പ്രവര്‍ത്തകരുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.ഇന്ത്യയിലെ ചൈനീസ് റിപ്പോര്‍ട്ടര്‍മാര്‍ ഒരു ബുദ്ധിമുട്ടും കൂടാതെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ചൈനയിലെ ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ കാര്യം അങ്ങനെയായിരുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഈ മാസം ആദ്യം പറഞ്ഞിരുന്നു.