ചെന്നൈ-ബാലിയില്‍ ഹണിമൂണ്‍ ഫോട്ടോ ഷൂട്ടിനിടെ തമിഴ്‌നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്. വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.
ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവര്‍ കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് വിവാഹിതരായത്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയും ലഭിച്ചു.
സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിന് കാരണമായത്. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. ഇതിനായി തമിഴ്‌നാട് സര്‍ക്കാരിന്റേയും കേന്ദ്രത്തിന്റേയും സഹായം തേടിയിട്ടുണ്ട്.