ഫ്‌ളഷ് ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിമിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് നടിയും ചിത്രത്തിന്റെ സംവിധായികയുമായ ഐഷ സുൽത്താന. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബീനാ കാസിം പറഞ്ഞത് പച്ചക്കള്ളമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഈമാസം 16ന് ഫ്‌ളഷ് തീയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് ബീനാ കാസിം അറിയിച്ചത്. പെട്ടെന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നാം. എന്നാൽ അതിൽ ഒളിച്ചിരിക്കുന്ന സങ്കി ബുദ്ധി അപാരമാണ്. ഇവരുടെ സങ്കി ബുദ്ധി തനിക്ക് മനസിലായിട്ടില്ലെന്നാവും അവർ കരുതിയിരിക്കുന്നതെന്നും ഐഷ സുൽത്താന ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗം ഇങ്ങനെ:
അങ്ങനെ ബീനാ കാസിം ഒടുവിൽ മുട്ട് മടക്കി എന്നാവും ആളുകൾ കരുതുന്നത്, ഇന്നവരുടെ പ്രസ്സ് മീറ്റ് കണ്ടു അതിലവർ ഗംഭിരമായിട്ട് കള്ളങ്ങൾ പറയുന്നത് കണ്ടപ്പോൾ എന്റെ അടുത്ത പടത്തിൽ അവർക്കൊരു വേഷം കൊടുത്താലോന്ന് ആലോചിക്കുവാണ്. കാരണം ഓസ്‌കാർ അവാർഡ് ഉറപ്പാണ് അമ്മാതിരി അഭിനയമായിരുന്നു ഇന്നാ പ്രസ്സ് മീറ്റിൽ.
വേറൊരു കാര്യം കൂടി ഞാൻ കേട്ടു. ഈ വരുന്ന 16ന് flush എന്ന എന്റെ സിനിമ തീയറ്ററിൽ റിലീസ് ചെയ്യാൻ പോവാണെന്ന് പ്രസ്സ് മീറ്റിൽ കൂടി ബീനാ കാസിം നമ്മെ അറിയിച്ചിരിക്കയാണ് സുഹൃത്തുക്കളെ. പെട്ടെന്ന് കേൾക്കുമ്പോൾ നമ്മൾക്ക് സന്തോഷം തോന്നും. എന്നാൽ അതിലൊളിച്ചിരിക്കുന്ന സങ്കി ബുദ്ധി അപാരം തന്നെ. ഇവരുടെ സങ്കി ബുദ്ധി എനിക്ക് മനസിലായിട്ടില്ല എന്നാവും അവർ കരുതിയിരിക്കുന്നത്.
ഈ വരുന്ന 16 എന്ന് പറയുമ്പോൾ ഇനി വെറും ആറ് ദിവസമേ ബാക്കിയുള്ളു. ഈ ആറ് ദിവസം കൊണ്ട് വളരെ കുറഞ്ഞ തിയറ്റർ മാത്രമേ ഇവർക്ക് ഈ സിനിമ റിലീസ് ചെയ്യാൻ കിട്ടുള്ളു. അതിന്റെ അർത്ഥം എന്റെ പ്രെഷർ കാരണം ഇവർ ഈ സിനിമ എങ്ങും തട്ടാതെ റിലീസ് ചെയ്യാൻ ശ്രമിക്കുന്നതാണ്. തിയറ്റർ കുറഞ്ഞാൽ സിനിമയെയും എന്നെയും ടോർച്ചർ ചെയ്യാലോ അതാണ് ഇവരുടെ സൈക്കോളജിക്കല് മൂവ്.
എന്റെയും ജനങ്ങളുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടി ഇവർ കണ്ടെത്തിയ അടുത്ത നാടകം.
ഞാൻ പറഞ്ഞതിൽ സത്യമില്ലെങ്കിൽ നിങ്ങൾക്ക് കിട്ടിയ തിയേറ്ററിന്റെ ലിസ്റ്റ് കൂടി ഒന്ന് പുറത്ത് വിടാമോ? കൊന്ന് കൊന്ന് പോസ്റ്റ്‌മോർട്ടം പലവട്ടം ചെയ്തിട്ടും ആ ബോഡി വിട്ട് തരാതെ മോർച്ചറിയിൽ സൂക്ഷിച്ചു വെച്ചിട്ട് ഒടുവിൽ ജനങ്ങളുടെ പ്രഷർ കാരണം വിട്ട് തരുന്ന രീതി കൊള്ളാം ബീനാ കാസിം. ഈ സിനിമ വാങ്ങാൻ ഒരുപാട് ആളുകൾ വന്നിട്ടും നിങ്ങൾ കൊടുക്കാത്തത് ആരെ പേടിച്ചിട്ടാണെന്നും ഐഷ സുൽത്താന ചോദിച്ചു.
ഫ്‌ളഷ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഐഷ സുൽത്താന നേരത്തെയും പ്രതികരിച്ചിരുന്നു. ബിജെപിയെ താഴ്ത്തി കെട്ടിയെന്നുള്ള ഒരു കാരണം കൊണ്ടാണ് തന്റെ സിനിമ ഇറങ്ങാത്തതെങ്കിൽ താനത് സഹിച്ചു എന്നാണ് ഐഷ പറയുന്നത്. ബി.ജെ.പിയെ പൊക്കിപ്പറഞ്ഞ് സിനിമ ചെയ്യുന്ന കുറേ സിംഹവാലൻ കുരങ്ങൻമാർ ഉണ്ടാവുമായിരിക്കും, തന്നെ ആ കൂട്ടത്തിൽ കൂട്ടേണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിക്കാൻ നിർമാതാവ് തയ്യാറായിരുന്നത്.