ന്യൂയോര്‍ക്ക് - ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിന് വേണ്ടി പണപ്പിരിവ് നടത്തിയെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസി സംഗമത്തിനായി പണപ്പിരിവ് നടന്നിട്ടില്ല. മനഃപൂര്‍വ്വം വിവാദങ്ങളുണ്ടാക്കാന്‍ ചിലരുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുകയാണ്. ഏതൊരു കാര്യത്തെയും മോശമായിട്ടാണ് ചിലര്‍ ചിത്രീകരിക്കുന്നത്. മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം സമ്മേളനത്തിന് വേണ്ടി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ആദ്യമായിട്ടാണോ സ്പോണ്‍സര്‍ഷിപ്പ് നടക്കുന്നതെന്ന് പിണറായി വിജയന് ചോദിച്ചു. ലോക കേരളസഭ സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. സമ്മേളനം നടത്തുന്നത് അതത് മേഖലയിലുള്ളവരാണ്. എന്റെ ചുറ്റും നിന്നവര്‍ എത്ര ചെലവാക്കിയെന്ന് അറിയില്ല. നട്ടാല്‍ പൊടിക്കാത്ത നുണ പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.