അമൃത്സര്‍- ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത് തന്റെ ഭര്‍ത്താവ് വേണ്ടെന്നുവെച്ചതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍. മുഖ്യമന്ത്രിയുമായുള്ള സിദ്ധുവിന്റെ വാക് പോരിനിടയിലണ് ഭഗവന്തിന് സിദ്ധുവിന്റെ സമ്മാനമാണ് മുഖ്യമന്ത്രി സ്ഥാനമെന്ന് നവജ്യോത് കൗര്‍ ഓര്‍മിപ്പിച്ചത്.
സിദ്ധു പഞ്ചാബിനെ നയിക്കണമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ് രിവാള്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ സിദ്ധു തയാറായില്ലെന്നും അവര്‍ അവകാശപ്പെട്ടു. ഭഗവന്ത് മാനും നവജ്യോത് സിദ്ദുവും തമ്മിലുള്ള വാക്പോരിന്റെ പശ്ചാത്തലത്തിലാണ് കൗറിന്റെ അവകാശവാദങ്ങള്‍.
മുഖ്യമന്ത്രി, ഭഗവന്ത് മാന്‍, നിങ്ങളുടെ നിധി വേട്ടയില്‍ ഇന്ന് ഞാന്‍ മറഞ്ഞിരിക്കുന്ന രഹസ്യം തുറക്കട്ടെ. നിങ്ങള്‍ ഇരിക്കുന്ന മാന്യമായ കസേര നിങ്ങള്‍ക്ക് സമ്മാനിച്ചത് നിങ്ങളുടെ വലിയ സഹോദരനായ നവ്ജ്യോത് സിദ്ദുവാണെന്ന് നിങ്ങള്‍ അറിയണം. നിങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാവ് സിദ്ദു പഞ്ചാബിനെ നയിക്കാന്‍ ആഗ്രഹിച്ചിരുന്നു- ട്വീറ്റുകളുടെ പരമ്പരയില്‍ കൗര്‍ പറഞ്ഞു, എഎപി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ കെജ്രിവാള് സംസ്ഥാനത്തെ നയിക്കാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സിദ്ദുവിനെ സമീപിച്ചിരുന്നതായാണ് കൗര്‍ അവകാശപ്പെടുന്നത്.
2022 ഫെബ്രുവരിയിലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുകയും ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയത്തിന് ശേഷം ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയാകുകയും ചെയ്തത്.