ആൺ പെൺ വ്യത്യാസമില്ലാതെ ഏവരെയും ബാധിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. നല്ല മുടി വേണമെന്നത് ഓരോരുത്തരുടെയും സ്വപ്‌നമാണ്. നല്ല ഇടതൂർന്ന മുടി ലഭിക്കാൻ നിരവധി ഘടകങ്ങളുണ്ട്. പാരമ്പര്യം, മുടി സംരക്ഷണം, നല്ല പോഷകം തുടങ്ങിയ പല ഘടകങ്ങൾ ഒന്നിച്ചാൽ നല്ല മുടി വളരും. നമ്മുടെ മാറിമറിയുന്ന അന്തരീക്ഷം മുടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ആരോഗ്യത്തെ മോശം അന്തരീക്ഷം ബാധിയ്ക്കുന്നതു പോലെ തന്നെ മുടി വളർച്ചയേയും ഇതു ബാധിക്കും. നല്ല അന്തരീക്ഷവും നല്ല വെള്ളവുമെല്ലാം മുടി വളരാൻ അത്യാവശ്യങ്ങളാണ്.
മുടി കൊഴിച്ചിൽ എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. ഇതു പലർക്കും ഗുരുതരമായി ചികിത്സ നേടുന്നതിനു വരെയുള്ള കാരണമാകാറുണ്ട്. വൈറ്റമിനുകളുടെ കുറവു മതൽ സ്ട്രെസ്, വെള്ളത്തിന്റെ പ്രശ്നം എന്നിവയെല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടി കൊഴിച്ചിൽ തടയാൻ പല നാടൻ വഴികളുമുണ്ട്. മുടിയുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും ഏറ്റവും നല്ലത് പ്രകൃതിദത്ത ഘടകങ്ങൾ തന്നെയാണ്.
കഞ്ഞിവെള്ളവും ഉലുവയും മുടി സംരക്ഷണത്തിന് ഉപയോഗിക്കാം. താരൻ പോലുള്ള പ്രശ്നങ്ങൾക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നൽകും. കഞ്ഞി വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ തലേന്ന് ഇട്ടു വയ്ക്കുക. രാവിലെ ഈ വെള്ളത്തിൽ നിന്നും ഉലുവ മാറ്റി കഞ്ഞി വെള്ളം മുടിയിൽ സ്പ്രേ ചെയ്യുക. ശിരോചർമം മുതൽ മുടിത്തുമ്പു വരെ തേച്ചുപിടിപ്പിക്കുക. ഇത് അര മണിക്കൂർ ശേഷം കഴുകിക്കളയാം. ഷാംപൂവോ മറ്റോ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇത് ആഴ്ചയിൽ രണ്ടു മൂന്നു തവണ ചെയ്യുന്നത് മുടി കൊഴിച്ചിൽ അകറ്റാനും മുടി നല്ലതു പോലെ വളരാനും സഹായിക്കുന്നു.