ബംഗളൂരു- കര്‍ണാടകയില്‍ ആര്.എസ്.എസിനും അനുബന്ധ സംഘടനകള്‍ക്കും നൂറുകണക്കിന് ഏക്കര്‍ ഭൂമി അനുവദിച്ച മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. വന്‍തുകയുടെ ഭൂമിയാണ് ആര്.എസ്.എസിനും മറ്റും അനുവദിച്ചത്.
ബി.ജെ.പി സര്‍ക്കാര്‍ നല്കിയ ചില ടെന്‍ഡറുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും മറ്റുള്ളവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും പ്രവര്‍ത്തനവും പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും അടുത്തയാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും റാവു കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അനുബന്ധ സംഘടനകളുടെ പേരില്‍ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത് പാടില്ലാത്തതായിരുന്നു. എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കണം. ഒന്നും രഹസ്യമായി സൂക്ഷിക്കാന്‍ പാടില്ല. ആര്.എസ്.എസിനും അനുബന്ധ സംഘടനകള്‍ക്കും വളരാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
സര്‍ക്കാര്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഈ ഘട്ടത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു മറുപടി.
എന്താണ് സംഭവിച്ചതെന്നും എങ്ങനെ സംഭവിച്ചുവെന്നും റവന്യൂ വകുപ്പും മുഖ്യമന്ത്രിയുമാണ് പരിശോധിക്കേണ്ടത്. ഇത് നിയമാനുസൃതമാണോ, എന്ത് വിലയ്ക്കാണ് ഭൂമി അനുവദിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തണം. നിയമപരമായ കാര്യങ്ങളായതിനാല്‍ ഇതെല്ലാം അനിവാര്യമാണെന്നെ് അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടെ കേഡര്‍മാരെ വേട്ടയാടുകയാണെന്ന ബിജെപി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് ചരിത്രത്തില്‍ ഇടപെടുക, ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുക, വിദ്വേഷം പ്രചരിപ്പിക്കുക എന്നിവയാണ് ആ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് റാവു ആരോപിച്ചു. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുക, ആര്.എസ്.എസിനും അനുബന്ധ സംഘടനകള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്കുക തുടങ്ങിയവ ആയിരുന്നു അവരുടെ പരിപാടി.
പല തീരുമാനങ്ങളും എടുക്കുന്നതിന് യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
108 ആംബുലന്‍സ് ടെന്‍ഡര്‍, ഡയാലിസിസ് കരാര്‍ തുടങ്ങിയ ഏതാനും ടെന്‍ഡറുകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനും നയപരമായ കാര്യങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.