കൊച്ചി- സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയിലെ എക്സൈസ് പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക. നജീമിനെ മനഃപൂര്‍വം കേസില്‍ കുടുക്കാനാണ് ശ്രമിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഗൂഢാലോചന നടത്തിയ ആള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് സംവിധായകനും ഫെഫ്കയും പരാതി നല്‍കി.
ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് സംവിധായകന്‍ നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റെയ്ഡ് നടന്നത്. ഒരു വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നജീം മുറി എടുത്തിരുന്നത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പലരും ഉണ്ടായിരുന്നെങ്കിലും നജീമിന്റെ മുറിയില്‍ മാത്രം പരിശോധന നടത്തുകയായിരുന്നു. ഇതിനായി തിരുവനന്തപുരത്തുനിന്ന് 20 ഓളം ഉദ്യോഗസ്ഥരാണ് എത്തിയത്. നജീം താമസിച്ചിരുന്ന ഒരു മുറിയില്‍ രണ്ട് മണിക്കൂറോളമാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും നജീം ആരോപിച്ചു.
ഞാന്‍ 14 ദിവസം താമസിച്ച മുറിയാണ് അത്. അവിടെ ഒരു സിഗരറ്റിന്റെ കുറ്റിയോ മദ്യക്കുപ്പിയുടെ സ്റ്റിക്കറോ പോലുമില്ല. ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്ന ആളല്ല. രണ്ടര മണിക്കൂര്‍ നേരമാണ് അവര്‍ മുറി പരിശോധിച്ചത്. ഉദ്യോഗസ്ഥരുടെ പിന്നാലെ ഓടുകയായിരുന്നു ഞാന്‍. ഇവര്‍ എന്തെങ്കിലും ഇവിടെ കൊണ്ടുവെച്ച് എന്നെ കുടുക്കുമോ എന്നായിരുന്നു എന്റെ പേടി. എന്റെ കയ്യില്‍ ഇല്ല എന്നതായിരുന്നു എന്റെ ധൈര്യം. വന്ന ഉടനെ എന്നോട് പറഞ്ഞത്, നീ ഇങ്ങ് മാറി നില്‍ക്കടാ, എടുക്കടാ സാധനം, നിന്റെ കയ്യില്‍ ഉണ്ടല്ലോടാ എന്നെല്ലാമാണ്. എടാ പോടാ വിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. എന്റെ കയ്യിലുണ്ടെന്ന് ഉറപ്പിച്ചാണ് അവര്‍ വരുന്നത്. അവര്‍ക്ക് വിവരം നല്‍കിയിരിക്കുന്നത് അങ്ങനെയാണ് ഞാന്‍ അതിന്റെ മൊത്തക്കച്ചവടക്കാരനാണ്. ഏറ്റവും അവസാനം അവര്‍ എന്നോട് ക്ഷമാപണം നടത്തിക്കൊണ്ട് അവര്‍ പറഞ്ഞത്. സൂക്ഷിക്കണമെന്നും എന്തോ വലിയ പണി വരുന്നുണ്ട് എന്നുമാണ്. നജീം പറഞ്ഞു.
മുറിയില്‍ കൂടെയുണ്ടായിരുന്നവരെ മുഴുവന്‍ പുറത്താക്കിക്കൊണ്ടാണ് നജീമിന്റെ മുറി പരിശോധിച്ചത്. കൂടാതെ താഴെ പാര്‍ക്കിങ്ങിലുണ്ടായിരുന്ന നജീമിന്റെ കാറും പരിശോധനയ്ക്ക് വിധേയമാക്കി. 20ഓളം ഉദ്യോഗസ്ഥര്‍ ഒരു മുറി രണ്ടു മണിക്കൂറോളം റെയ്ഡ് ചെയ്തതായി കേട്ടിട്ടുണ്ടോ. നജീമിനെ കുടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഉണ്ണി കൃഷ്ണന്‍ പറഞ്ഞു.