ബംഗളൂരു- കര്‍ണാടകയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള പാഠങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ മറ്റ് പാഠഭാഗങ്ങള്‍ പഠിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിച്ചു. ചക്രവര്‍ത്തി സൂലിബെലെ, ബന്നന്‍ജെ ഗോവിന്ദാചാര്യ എന്നിവരെക്കുറിച്ചുള്ള പാഠങ്ങളും ഒഴിവാക്കും. 2023-24 അധ്യയന വര്‍ഷത്തിലെ പാഠപുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചതിനാല്‍, പുതുതായി പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടില്ല. പാഠങ്ങള്‍ ഒഴിവാക്കാന്‍ അധ്യാപകരോട് ആവശ്യപ്പെടും.
ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തതത്. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയും അക്കാദമിക് വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തിരുന്നു. അധ്യാപനം, പരീക്ഷ, മൂല്യനിര്‍ണയം എന്നിവയില്‍ നിന്ന് വിവാദപരവും ആക്ഷേപകരവുമായ പാഠഭാഗങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ കാലത്ത് ചേര്‍ത്ത വിവാദ ഉള്ളടക്കം പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി രൂപവത്കരിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശിച്ചു. ഔദ്യോഗിക സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ വിഷം കലര്‍ത്തുന്ന ഉള്ളടക്കം ഇല്ലാതാക്കുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നഗ്‌നമായി പിന്‍വലിക്കാനും നിരസിക്കാനും തടയാനുമുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി വക്താവ് ഗണേഷ് കാര്‍ണിക് പറഞ്ഞു.