ബംഗളൂരു- കര്‍ണാടകയില്‍ സദാചാര പോലീസ് ആക്രമണങ്ങള്‍ തടയാനും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനും പ്രത്യേക പോലീസ് സ്‌ക്വാഡിനെ നിയോഗിക്കും. ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനമായ മംഗളൂരുവില്‍ ഇത് എത്രയും അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു.
സാമുദായിക സൗഹാര്‍ദം വീണ്ടെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദക്ഷിണ കന്നഡയില്‍, പ്രത്യേകിച്ചും മംഗളൂരുവില്‍ സദാചാര പോലീസിംഗ് സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ജനങ്ങള്‍ ഇതുകൊണ്ട് തളര്‍ന്നിരിക്കുന്നു. ചിലര്‍ വലിയ സംഭവങ്ങളാക്കി മാറ്റുകയാണ്. അതുകൊണ്ടുതന്നെ സദാചാര പോലീസിംഗ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും-മന്ത്രി പരമേശ്വര വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാമുദായക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സദാചാര പോലീസിംഗ് സംഭവങ്ങള്‍ പരിശോധിക്കാനു നിയന്ത്രിക്കാനും പോലീസിനകത്ത് പ്രത്യേക വിഭാഗത്തെ നിയോഗിക്കും-മന്ത്രി വിശദീകരിച്ചു.
വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏഴു പേരാണ് കൊല്ലപ്പെട്ടതെന്നും അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി മറുപടി നല്‍കി. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമെടുക്കാത്തതിനാലാണ് വിതരണം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.