ന്യൂദല്‍ഹി- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബജ്‌റംഗ് പൂനിയ. അമിത് ഷായുമായി ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റെസ്സലിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതേരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെ ജോലികളില്‍ തിരികെ പ്രവേശിച്ചിരുന്നു. പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം ആദ്യം നല്‍കിയ മൊഴി പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതെല്ലാം അമിത് ഷായുമായുള്ള ചര്‍ച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് പൂനിയ പ്രതികരണവുമായി രംഗത്തെത്തിയത്.
ബജ്‌റംഗ് പൂനിയയെക്കൂടാതെ സാക്ഷി മാലിക്കും സംഗീത ഫോഗട്ടും സത്യവ്രത് കാദിയനും ഷായുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് പുറത്തു സംസാരിക്കരുതെന്നു തങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി പൂനിയ പറഞ്ഞു. എന്നാല്‍ ഇതേ സര്‍ക്കാര്‍ തന്നെ പിന്നീട് വിവരങ്ങള്‍ പുറത്തുവിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തങ്ങള്‍ക്കു തൃപ്തിയില്ലെന്നു മാത്രമല്ല തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സംരക്ഷിക്കുന്നതെന്തിനാണെന്നും എന്ന ചോദ്യങ്ങള്‍ അമിത് ഷായോടു ചോദിച്ചതായും ഉറപ്പുകളുടെ മാത്രം അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പൂനിയ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ സമരം നിര്‍ത്തിവെച്ചതിന് പിന്നാലെ തങ്ങള്‍ നുണയാണ് പറയുന്നതെന്ന ആരോപണമാണുണ്ടായതെന്നും പൂനിയ വ്യക്തമാക്കി.
റെയില്‍വേയിലെ ജോലിയിലേക്ക് തങ്ങള്‍ തിരികെ കയറിയത് അനുവദിച്ച അവധി അവസാനിച്ചതിനെ തുടര്‍ന്നാണെന്നു പറഞ്ഞ പൂനിയ സമരത്തിനു പ്രതിബന്ധമായാല്‍ ജോലി ഉപേക്ഷിക്കാനും തയ്യാറാണെന്നും പോരാട്ടം ആത്മാഭിമാനത്തിനാണെന്നും അദ്ദേഹം പറഞ്ഞു.